കല്‍പ്പറ്റ: ഈക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മികച്ച പ്രകടനത്തിന് മൂപ്പൈനാട്, എടവക ഗ്രാമപഞ്ചായത്തുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. 2017-18 സാമ്പത്തിക വര്‍ഷം വാര്‍ഷിക പദ്ധതി തുക സ്പില്‍ ഓവറില്ലാതെ നൂറു ശതമാനം ചിലവഴിച്ചതിനാണ് മൂപ്പൈനാട് ഗ്രാമപഞ്ചായത്തിനു പുരസ്‌കാരം. ഒട്ടേറെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും 99 ശതമാനം നികുതി പിരിവ് പൂര്‍ത്തീകരിച്ചതിനും കൂടിയാണ് അവാര്‍ഡ്. 2017-18 സാമ്പത്തിക വര്‍ഷം 100 ശതമാനം നികുതി പിരിവ് കൈവരിച്ചതിനാണ് എടവക ഗ്രാമപഞ്ചായത്തിന് അംഗീകാരം.
കോഴിക്കോട്, വയനാട് ജില്ലകളുടെ പദ്ധതി അവലോകന യോഗം കോഴിക്കോട് ഡി.പി.സി ഹാളില്‍ നടന്നു. ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പുരസ്‌കാരം സമ്മാനിച്ചു. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് ഷഹര്‍ബാന്‍ സൈതലവി, പഞ്ചായത്ത് അംഗം ആര്‍. യമുന, സെക്രട്ടറി കെ. രാമചന്ദ്രന്‍ എന്നിവരും എടവക ഗ്രാമപഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് ഉഷ വിജയനും സെക്രട്ടറി ഇ.കെ ബാലകൃഷ്ണന്‍ എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജോയ് ജോണ്‍ എന്നിവരും പങ്കെടുത്തു.