പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് ഒ.ബി.സി വിഭാഗക്കാരായ വനിതകള്ക്ക് നാമമാത്ര/ചെറുകിട സ്വയം തൊഴില് സംരംഭങ്ങള് ആരംഭിക്കാന് പരമാവധി ഒരു ലക്ഷം വരെയുള്ള വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 1,20,000 രൂപയില് കവിയാത്ത കുടുംബ വാര്ഷിക വരുമാനമുള്ള 25 നും 55 നും മധ്യേ പ്രായമുള്ള വനിതകള്ക്കാണ് അവസരം. അഞ്ച് ശതമാനം വാര്ഷിക പലിശ നിരക്കില് അനുവദിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 36 മാസമാണ്.
പദ്ധതി പ്രകാരം പച്ചക്കറിമത്സ്യകൃഷി, ആടുവളര്ത്തല്, പശു വളര്ത്തല്, കച്ചവടം, ഭക്ഷ്യസംസ്‌കരണം, കാറ്ററിങ്, പെട്ടിക്കട, തട്ടുകട, പപ്പട നിര്മ്മാണം, മെഴുകുതിരി നിര്മ്മാണം, നോട്ട്ബുക്ക് ബൈന്ഡിങ്, കരകൗശല നിര്മ്മാണം, ടൈലറിംഗ്, ബ്യൂട്ടിപാര്ലര് തുടങ്ങി ചെറിയ മൂലധനത്തില് തുടങ്ങാവുന്ന നാമമാത്ര/ ചെറുകിട സംരംഭങ്ങള് ആരംഭിക്കാം. നിലവില് ബാങ്കുകള്/ ധനകാര്യ സ്ഥാപനങ്ങളില് നിന്ന് വായ്പ എടുക്കാതെ സ്വന്തം ഫണ്ടുപയോഗിച്ച് നാമമാത്ര സംരംഭങ്ങള് നടത്തുന്നവര്ക്ക് അവ വികസിപ്പിക്കുന്നതിനായും തുക ഉപയോഗിക്കാം.
താത്പര്യമുള്ളവര് www.ksbcdc.com ല് നിന്നും വായ്പ അപേക്ഷാഫോറം ഡൗണ്ലോഡ് ചെയ്ത് പൂരിപ്പിച്ച് പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് ജില്ലാ/ ഉപജില്ലാ ഓഫീസുകളില് നല്കണം. അപേക്ഷാഫോറങ്ങളും ജാമ്യവ്യവസ്ഥകള് സംബന്ധിച്ച വിവരങ്ങളും കോര്പ്പറേഷന് ഓഫീസുകളില് ലഭിക്കും. സമയബന്ധിതമായി തവണ തുക തിരിച്ചടയ്ക്കുന്നവര്ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പില് നിന്നും ബാക്ക് എന്ഡ് സബ്‌സിഡിയായി വായ്പാ തുകയുടെ 50 ശതമാനം (പരമാവധി 25,000) രൂപ അനുവദിക്കുമെന്ന് മാനേജിങ് ഡയറക്ടര് അറിയിച്ചു. ഫോണ്: 04912505366.