മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (2021 സെപ്റ്റംബര്‍ 22) 1,298 പേര്‍കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഒന്‍പത് ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെങ്കിലും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം ജില്ലയില്‍ തുടരുകയാണ്. ബുധനാഴ്ച വൈറസ്ബാധിതരായവരില്‍ 1,273 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലാണ് വൈറസ്ബാധ.

ഉറവിടമറിയാതെ 17 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയ അഞ്ച് പേര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ ജില്ലക്ക് ആശ്വാസമായി 1,572 പേര്‍ ബുധനാഴ്ച രോഗമുക്തരായതായി. ഇതോടെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗവിമുക്തരായവരുടെ എണ്ണം ജില്ലയില്‍ 5,22,387 പേരായി. 54,799 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ 16,507 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 770 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 283 പേരും 101 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 119 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു.