പാലക്കാട്‌: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസുകളില്‍ നിന്നും മൈക്രോ ക്രെഡിറ്റ് / മഹിളാ സമൃദ്ധിയോജന പദ്ധതി മുഖേനയുള്ള വായ്പക്ക് അപേക്ഷിക്കാം. ഒരു സി.ഡി.എസിന് പരമാവധി മൂന്നു കോടി വരെ വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ അനുവദിക്കും. വായ്പ എടുക്കുന്ന അയല്‍ക്കൂട്ടങ്ങളില്‍ അറുപതു ശതമാനം പേര്‍ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും 40 ശതമാനം പേര്‍ മറ്റ് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാകാം. വാര്‍ഷിക കുടുംബ വരുമാനം മൂന്നുലക്ഷം രൂപയില്‍ താഴെയായിരിക്കണം.

പദ്ധതിപ്രകാരം അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് വ്യക്തിപരമായും ജെ.എല്‍.ജി ഗ്രൂപ്പുകളായും അയല്‍ക്കൂട്ടാടിസ്ഥാനത്തിലും അയല്‍ക്കൂട്ടങ്ങള്‍ ചേര്‍ന്ന് സി.ഡി.എസ് അടിസ്ഥാനത്തിലും സംരംഭങ്ങള്‍ നടത്താം. മാലിന്യ സംസ്‌കരണ / ശുചീകരണ / ഹരിത സാങ്കേതിക വിദ്യാ മേഖലയില്‍ പഞ്ചായത്ത് / മുനിസിപ്പാലിറ്റി അടിസ്ഥാനത്തിലും യോഗ്യമായ സംരംഭങ്ങള്‍ നടത്താവുന്നതാണ്. മഹിളാസമൃദ്ധിയോജന പ്രകാരമുള്ള വായ്പ രണ്ട് ശതമാനം നിരക്കിലും മൈക്രോ ക്രെഡിറ്റ് വായ്പ നാല് ശതമാനം നിരക്കിലുമാണ് സി.ഡി.എസ്സുകള്‍ക്ക് അനുവദിക്കുന്നത്. അപേക്ഷയും പദ്ധതി വിശദാംശങ്ങളും www.ksbcdc.com ല്‍ ലഭിക്കും. അപേക്ഷ കോര്‍പ്പറേഷന്റെ ജില്ലാ / ഉപജില്ലാ ഓഫീസുകളില്‍ ഒക്ടോബര്‍ 15 നകം നല്‍കണമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 04922 296200