തൃശ്ശൂർ: കരൂപ്പടന്നക്കാരുടെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ ചതുരക്കുളം സംരക്ഷണത്തിന് തുടക്കം. 189 വര്‍ഷം പഴക്കമുള്ള, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ഏറ്റവും വലിയ ശുദ്ധജല സംഭരണിയുടെ സംരക്ഷണത്തിനായി ജില്ലാ പഞ്ചായത്തിന്റെ വികസനഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ നീര്‍ത്തട സംരക്ഷണ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ സംരക്ഷണം ആവശ്യമായ ഒരേക്കറിലധികം വലിപ്പമുള്ള കുളങ്ങളുടെ പട്ടികയിലും ചതുരക്കുളം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

റോഡ് കുളത്തിലേയ്ക്ക് ഇടിഞ്ഞ ഭാഗം കെട്ടിസംരക്ഷിക്കുകയാണ് ആദ്യം ചെയ്യുക. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട ചതുരക്കുളം1832ല്‍ ശക്തന്‍ തമ്പുരാന്റെ കാലത്താണ് നിര്‍മിച്ചത്. ഒരേക്കറിലധികം വരുന്ന ചതുരക്കുളംകരൂപ്പടന്ന ചന്ത പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായും മുസഫരിക്കുന്നിലെ ജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് നിര്‍മിച്ചത്.വേനലില്‍ പ്രദേശത്തെ കിണറുകളിലെ ജലവിതാനം നിലനിര്‍ത്തുന്നതില്‍ ഈ കുളത്തിന് വലിയ പങ്കാണുള്ളത്.കരൂപ്പടന്ന പുഴയാലും കനോലി കനാലിനാലും ചുറ്റപ്പെട്ടുകിടക്കുന്ന, ഉപ്പുവെള്ളത്തിന്റെ സ്വാധീനം ഏറെയുള്ള പ്രദേശത്തെ കിണറുകളില്‍ ശുദ്ധജലം എത്തിക്കുന്നപ്രധാന സ്രോതസ്സും ഈ കുളമാണ്.

നാടിന്റെ പ്രധാന ജലസംഭരണിയായകുളത്തിന്റെ സംരക്ഷണം നാട്ടുകാരുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. കുളത്തിന്റെ ചുറ്റുമുള്ള കെട്ട് പല ഭാഗങ്ങളിലും ഇടിയാന്‍ തുടങ്ങിയതോടെ കുളത്തിനോട് ചേര്‍ന്നുള്ള വീടുകളും ഭീതിയിലായി. സമീപ പ്രദേശങ്ങളിലെ മാലിന്യവും കുളത്തിലേക്ക് വരാന്‍ തുടങ്ങി. ഇടിയുന്ന ഭാഗങ്ങള്‍കെട്ടിസംരക്ഷിക്കാറുണ്ടെങ്കിലും പൂര്‍ണമായ ഫലം കിട്ടിയില്ല. കഴിഞ്ഞ സെപ്റ്റംബറില്‍ പെയ്ത ശക്തമായ മഴയില്‍ കുളത്തിനോട് ചേര്‍ന്നുള്ള കോണ്‍ക്രീറ്റ് റോഡ് ഇടിഞ്ഞതിനെ തുടര്‍ന്നാണ് കുളത്തിന്റെ സംരക്ഷണം എന്ന ആവശ്യത്തിന് ആക്കംകൂടിയത്. തുടര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെയും ജലസേചനവകുപ്പിന്റെയും സഹായം തേടി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ കുളം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചതിന്റെ ഫലമായാണ് കുളത്തിന്റെ സംരക്ഷണത്തിനായി ഫണ്ട് അനുവദിച്ചത്. മുസിരിസ് പൈതൃകപദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളം കെട്ടിസംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി മുസിരിസ് പൈതൃക പദ്ധതിയുടെ മാനേജിങ് ഡയറക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. സംരക്ഷണഭിത്തി പുനര്‍നിര്‍മിച്ച് സൗന്ദര്യവല്‍ക്കരണം നടത്തിയാല്‍ ടൂറിസം സാധ്യതയും ഉണ്ട്.