ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ആസാദി കാ രംഗോലി എന്ന പേരില്‍ ചരിത്ര ചിത്രരചനാ പരിപാടിക്ക് തുടക്കമായി. ജില്ലയിലെ നാല് വിദ്യാഭ്യാസ ജില്ലകളിലായാണ് ചിത്രരചന. എസ്.ഡി. വി സ്കൂളിൽ മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ആലപ്പുഴ വിദ്യാഭ്യാസ ജില്ലാതല പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ സാമൂഹ്യശാസ്ത്ര കൗണ്‍സില്‍, ജില്ലാ ചിത്രകലാധ്യാപക സംഘം എന്നിവയാണ് ദ്വിദിന ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. എസ്.‍ഡി.വി. ഹൈസ്‌കൂളിലെ ചിത്രകലാ ക്യാമ്പിന്റെ ഉദ്ഘാടനം എസ്.ഐ.ഇ.ടി. ഡയറക്ടര്‍ ബി. അബുരാജ് നിര്‍വഹിച്ചു. ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ മധുസൂദനൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി. ആര്‍ ഷൈല ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ റാണി തോമസ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗാന്ധിജിയും ആലപ്പുഴയും, കലയും ദേശീയതയും, നവോത്ഥാനവും ദേശീയതയും തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി 75 ചിത്രങ്ങളാണ് ജില്ലയില്‍ തയ്യാറാക്കുന്നത്.