കോട്ടയം: തരിശുനിലത്ത് കൃഷി ചെയ്തുണ്ടാക്കിയ നെല്ലിൽനിന്ന് സ്വന്തം നാടിന്റെ പേരിൽ കുത്തരി വിപണിയിലെത്തിച്ച നെടുംകുന്നം കർഷക കൂട്ടായ്മ തരിശുനിലകൃഷി വ്യാപിപ്പിക്കുന്നു. നെടുംകുന്നം കുത്തരിയുടെ ഉല്പാദനം തുടരാനുള്ള പ്രയത്‌നത്തിന്റെ ഭാഗമായാണ് കർഷക കൂട്ടായ്മ കൂടുതൽ സ്ഥലത്തേക്ക് നെൽകൃഷി വ്യാപിപ്പിക്കുന്നത്.
മുളയംവേലി തെങ്ങുംപള്ളി-നാരകച്ചാൽ പാടശേഖരത്തിലെ അഞ്ചേക്കറിലാണ് കൃഷിക്കു തുടക്കമിട്ടത്. 2019 മുതൽ രണ്ടു ഘട്ടങ്ങളിലായി 19 ഏക്കറിൽ വിളയിച്ചെടുത്ത നെല്ലിൽ നിന്നാണ് നെടുംകുന്നം കുത്തരി വിപണിയിലിറക്കിയത്.

നാളികേര ഉത്പാദക സംഘം, നെടുംകുന്നം കർഷക സംഘം, പുന്നവേലിൽ കർഷക സംഘം, പത്തായപ്പാറ കർഷക സംഘം എന്നിവ ചേർന്ന് പഞ്ചായത്ത് സ്‌കീമിൽ കൃഷി വകുപ്പിന്റെ സഹായത്തിലും മേൽനോട്ടത്തിലുമാണ് കൃഷിയിറക്കിയിരിക്കുന്നത്. കൃഷിഭവനിൽ നിന്ന് സൗജന്യമായി നൽകിയ ഉമ നെൽ വിത്താണ് വിതച്ചത്. പഞ്ചായത്ത് 24,000 രൂപ അനുവദിച്ചു നൽകി. ചെറുകിട ജലസേചന വകുപ്പ് തെങ്ങുംപള്ളി- നാരകച്ചാൽ തോടിന്റെ വശങ്ങൾ കെട്ടി കൃഷിയ്ക്ക് അനുയോജ്യമാക്കിയിരുന്നു. കർഷക കൂട്ടായ്മ പ്രതിനിധികളായ വി.എം ജോസഫ്, ടി.ജി. സദാശിവൻ, കെ.ഡി. സാബു , സ്‌കറിയ തോമസ്, ജോസഫ് അക്കരപ്പറമ്പിൽ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കൃഷി ഓഫീസർ എം.സി. പത്മ വിത്തെറിഞ്ഞ് കൃഷിയ്ക്ക് തുടക്കം കുറിച്ചു.