കോട്ടയം: ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റസ് ടു ഫിഷർ വിമൺ (സാഫ്) നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിൽ ചെറുകിട തൊഴിൽ സംരംഭ യൂണിറ്റുകൾ ആരംഭിക്കുന്നതിന് മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഡ്രൈ ഫിഷ് യൂണിറ്റ്, ഫിഷ് ബൂത്ത്, കക്ക സംസ്‌കരണ യൂണിറ്റ്, സീ ഫുഡ് റസ്റ്ററന്റ്/ഹോട്ടൽ, ഫ്രഷ്ഫിഷ് കിയോസ്‌ക്, കയർ പ്രൊഡക്ഷൻ യൂണിറ്റ്, ഫ്ളോർ മിൽ, ഹൗസ് കീപ്പിംഗ്, ഡ്രൈ ക്ലീനിംഗ് സർവീസ്, പ്രൊവിഷൻ സ്റ്റോർ, തയ്യൽ യൂണിറ്റ്, ഫാഷൻ ഡിസൈനിംഗ്, ടൂറിസം, കംപ്യൂട്ടർ സെന്റർ, ട്യൂഷൻ സെന്റർ എന്നീ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും.
ഒരു ഗ്രൂപ്പിൽ രണ്ടു മുതൽ അഞ്ചു വരെ അംഗങ്ങൾ ഉണ്ടാകണം. ഇവർ ഫിഷറീസ് വകുപ്പ് തയാറാക്കിയിട്ടുള്ള ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ അംഗങ്ങളായവരും 20 നും 40 നും ഇടയിൽ പ്രായമുള്ളവരുമാകണം. ട്രാൻസ്ജൻഡേഴ്സ,് വിധവകൾ, ശാരീരിക വൈകല്യമുള്ള കുട്ടികൾ ഉള്ളവർ എന്നിവർക്ക് 50 വയസാണ് പ്രായപരിധി. വെള്ളപ്പൊക്കം, ഓഖി മുതലായ പ്രകൃതി ദുരന്തങ്ങൾ നേരിട്ട് അനുഭവിക്കേണ്ടി വന്നിട്ടുള്ളവർ, തീരനൈപുണ്യ കോഴ്സ് പഠിച്ച വനിതകൾ, ശാരീരിക വൈകല്യമുള്ള കുട്ടികളുള്ള വനിതകൾ, വിധവകൾ, ട്രാൻസ്ജൻഡേഴ്സ് എന്നീ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. സ്വയംതൊഴിൽ കണ്ടെത്തുന്നതിനോ മറ്റു ജീവനോപാധി പദ്ധതികൾക്കോ സർക്കാരിൽ നിന്ന് ധനസഹായം ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, വൈക്കം, ചെമ്പ് മത്സ്യഭവൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്ടോബർ 30നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നൽകണം. വിശദവിവരങ്ങൾക്ക് ഫോൺ: 9495801822, 9061569467, 8078762899.