മികച്ച സ്‌കെയില്‍ അപ് സംരംഭ പുരസ്കാര നിറവിൽ പാവറട്ടി പഞ്ചായത്തിലെ ശരണ്യ സനീഷ്. കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി യുവയോജന 2.0 പുരസ്‌ക്കാര പ്രഖ്യാപനത്തിലാണ് ശരണ്യയുടെ ക്യാരി മീ ഇക്കോ ഫ്രണ്ട്ലി ബാഗ്സ് സംരംഭത്തിന് പുരസ്ക്കാരം ലഭിച്ചത്.

2019ൽ തൃശൂർ ജില്ലയിൽ പാവറട്ടി പഞ്ചായത്തിൽ ആരംഭിച്ച സംരംഭം പൂർണ്ണമായും പ്ലാസ്റ്റിക് മുക്ത വിപണന രീതിയാണ് തുടരുന്നത്. പേപ്പർ ബാഗുകൾ, ജൂട്ട് ബാഗുകൾ, തുണി സഞ്ചികൾ എന്നിവയുടെ നിർമാണവും വിപണനവുമാണ് ശരണ്യ സനീഷ് നടത്തി വരുന്നത്. നാഷ്ണൽ സ്കിൽ ഡെവലപ്മെൻ്റ് ബോർഡിന് കീഴിൽ കോട്ടയത്ത് സംഘടിപ്പിച്ച രണ്ട് ദിവസത്തെ പരിശീലന സർട്ടിഫിക്കറ്റും ശരണ്യ നേടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 3, 4 തിയതികളിലായി പിഎം യുവ പദ്ധതിയുടെ ഭാഗമായി നടത്തിയ മെൻ്ററിംഗ് ക്യാമ്പിൽ ശരണ്യ പങ്കെടുത്തിരുന്നു. തുടർന്ന് വിവിധ വിപണന മേഖലകളിൽ നിന്നായി വന്ന 60 പേരിൽ നിന്നും പ്രസൻ്റേഷൻ, വൈവ, പരീക്ഷ, സ്ഥാപന സന്ദർശനം തുടങ്ങി ഏഴോളം ഘട്ടങ്ങൾ പിന്നിട്ടശേഷമാണ് ശരണ്യ പുരസ്ക്കാരത്തിന് അർഹയായത്. സ്റ്റാർട്ടഅപ്പ് സംരംഭങ്ങളിൽ സംസ്ഥാന തലത്തിൽ മികച്ച രണ്ടാമത്തെ സംരംഭത്തിനും ജില്ലാതലത്തിൽ മികച്ച ഒന്നാമത്തെ സംരംഭത്തിനുമുള്ള പുരസ്കാരമാണ് ശരണ്യയ്ക്ക് ലഭിച്ചിട്ടുള്ളത്.

യൂട്യൂബിൽ തുടങ്ങിയ പഠനം സ്വയം തൊഴിൽ സംരംഭത്തിലേക്ക് എത്തിയപ്പോൾ ശരണ്യ ഒരു മാസം വിപണനം ചെയ്തിരുന്നത് 5000 ത്തോളം പേപ്പർ ബാഗുകളായിരുന്നു. അഹമ്മദാബാദ് ഉൾപ്പെടെ ജില്ലയിൽ തന്നെ തൃശൂർ, കൊടുങ്ങല്ലൂർ, വാടാനപ്പിള്ളി, ചാവക്കാട്, കാഞ്ഞാണി തുടങ്ങിയ സ്ഥലങ്ങളിലേക്കും നിർമാണ ബാഗുകളുടെ വ്യാപാരം നടത്തി വന്നിരുന്നു. എന്നാൽ കോവിഡിന് ശേഷം വിപണനം 1000 ൽ താഴെ ആയിട്ടുണ്ട്. പേപ്പർ ബാഗുകൾ അഞ്ചിൽ തുടങ്ങി 100 രൂപ വരെയും, ജൂട്ട് ബാഗുകൾ 60 മുതൽ 300 രൂപ വരെയും, തുണി സഞ്ചികൾ 8 മുതൽ 32 രൂപ വരെയുമുള്ള നിരക്കിലാണ് വിറ്റ് വരുന്നത്. ജൂട്ട് ബാഗുകൾ 3 വർഷം വരെ ഈട് നിൽക്കുന്ന തരത്തിലുള്ളവയാണ്.18നും 35നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കള്‍ക്കായി സംരംഭാഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി യുവജനങ്ങളെ തൊഴില്‍ അന്വേഷകര്‍ എന്ന സ്ഥിതിയില്‍ നിന്നും സംരംഭകത്വത്തിലേക്കും അതുവഴി തൊഴില്‍ നല്‍കാന്‍ പ്രാപ്തരായ സംരംഭകര്‍ എന്ന നിലയിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ കേരളത്തിലെ നിര്‍വ്വഹണ ഏജന്‍സി കുടുംബശ്രീയാണ്. പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മികച്ച പ്രകടനം കാഴ്ച്ച വെച്ച സംരംഭകര്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍ നൽകിയിട്ടുള്ളത്. ജില്ലയില്‍ നിന്നും ശരണ്യ ഉൾപ്പെടെ 6 സംരംഭകര്‍ക്കും ജില്ലാമിഷനുമാണ് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.