കോട്ടയം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച പൈക സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം നിർവഹിച്ചത്. ആരോഗ്യവകുപ്പു മന്ത്രി വീണാ ജോർജ്ജ് അധ്യക്ഷയായി.

ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ. ഘോബ്രഗഡെ, ഹെൽത്ത് സർവീസ് ഡയറക്ടർ ഡോ. വി.ആർ. രാജു, ജില്ല മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. പി.എൻ വിദ്യാധരൻ എന്നിവർ ഓൺലൈനിൽ ചടങ്ങിൽ പങ്കെടുത്തു.

സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. മാണി സി. കാപ്പൻ എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൾ മാത്യു, എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി എസ്, മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോയ് കുഴിപ്പാല, മെഡിക്കൽ ഓഫീസർ ഡോ.ടി.എ. പദ്മരാജൻ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, വിവിധ വകുപ്പു ജീവനക്കാർ എന്നിവർ ങ്കെടുത്തു.

നബാർഡിൽ നിന്നും അനുവദിച്ച 19.93 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. ആധുനിക നിലവാരത്തിൽ നാലു നിലകളിലായി നിർമിച്ചിരിക്കുന്ന കെട്ടിടത്തിൽ അത്യാഹിത വിഭാഗം, ഒബ്സർവേഷൻ റൂം, രണ്ട് ഐ.പി. വാർഡ്, മൈനർ ഓപ്പറേഷൻ തിയറ്റർ, ഒ.പി. വിഭാഗം, പാലിയേറ്റീവ് കെയർ യൂണിറ്റ് എന്നിവയുണ്ട്.