കാസർഗോഡ്: മാഫിയ സംഘങ്ങള്‍ക്കെതിരെയും, മയക്കുമരുന്ന്, ചാരയക്കടത്ത് തുടങ്ങിയവക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നു ജില്ലയിലെ പോലീസ് ഓഫീസര്‍മാരോട് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശിച്ചു. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങളില്‍ കാര്യക്ഷമമായ നടപടിയും, ജാഗ്രതയും ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ജില്ലാ പോലീസ് ആസ്ഥാനത്തെ പരാതി പരിഹാര അദാലത്തിന് ശേഷം എസ്.എച്ച്. ഓമാര്‍ക്കും ഡി.വൈ.എസ്.പിമാര്‍ക്കുമായി ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഡി ജി പി.മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. യോഗത്തില്‍ ജില്ലാ പോലിസ് മേധാവി പി.ബി.രാജീവ് ജില്ലയിലെ നിലവിലുള്ള ക്രമസമാധാന പ്രശ്നങ്ങളെ പറ്റിയും, കേസുകളെ പറ്റിയും, കഞ്ചാവ്, സ്വര്‍ണ്ണക്കടത്ത്, ഗുണ്ടാ പ്രവര്‍ത്തനം എന്നിവയെ പറ്റിയും,
ജില്ലയിലെ തീവ്രവാദസംഘടനകളെ പറ്റിയും വിശദീകരിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പറ്റിയും, കേസുകളുടെ അന്വേഷണത്തെപറ്റിയും ഉദ്യോഗസ്ഥന്മാര്ക്ക് സംസ്ഥാന പോലിസ് മേധാവി നിര്‍ദ്ദേശം നല്കി. ജില്ലയിലെ പോലിസ് സേനാംഗങ്ങളുടെ സര്‍വ്വീസ് സംബന്ധമായ പരാതിയും സ്വീകരിച്ചു. ഉത്തരമേഖല ഐ.ജി അശോക് യാദവ്, കണ്ണൂര്‍ മേഖല ഡി.ഐ.ജി സേതുരാമന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.