സർസദ് ആദർശ് ഗ്രാമ യോജനയ്ക്ക് പ്രത്യേക ഫണ്ട് വേണമെന്ന് എം.പി.

കോട്ടയം: ജില്ലയിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നേരിട്ടു വിലയിരുത്തുന്നതിനായി കേന്ദ്ര സർക്കാരിന്റെ ദേശീയതല നിരീക്ഷണ സംഘം ജില്ലയിലെത്തി. ജി. മോഹനൻ നായർ, വി.സി നിസാമുദ്ദീൻ എന്നിവരാണ് സംഘത്തിലുള്ളത്. സംഘം തോമസ് ചാഴിക്കാടൻ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, എൻ.എൽ.എം നോഡൽ ഓഫീസറും പ്രൊജക്ട് ഡയറക്ടറുമായ പി.എസ്. ഷിനോ എന്നിവരുമായി ചർച്ച നടത്തി.

ചില കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡങ്ങൾ കേരളത്തിലെ സാഹചര്യത്തിന് അനുയോജ്യമല്ലെന്നും പി.എം.ജി.എസ്.വൈ. പോലുള്ള പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ തടസം നേരിടുന്നുണ്ടെന്നും ഇവയുടെ മാർഗരേഖയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും തോമസ് ചാഴിക്കാടൻ എം.പി. സംഘത്തെ അറിയിച്ചു. സർസദ് ആദർശ് ഗ്രാമ യോജന(സാഗി) പദ്ധതിക്കായി കേന്ദ്ര സർക്കാർ പ്രതേ്യക ഫണ്ട് അനുവദിക്കുന്നില്ലെന്നും ഒരു പഞ്ചായത്തിനെ എം.പി. ദത്തെടുക്കുകയാണ് ചെയ്യുന്നതെന്നും സാഗിയ്ക്കായി പ്രതേ്യക ഫണ്ട് അനുവദിക്കുതിനുള്ള നിർദ്ദേശങ്ങൾ പരിശോധന റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും എം.പി. ആവശ്യപ്പെട്ടു.

സെപ്റ്റംബർ 30 വരെ സംഘം ജില്ലയിൽ സന്ദർശനം നടത്തും. ആന്ധ്രാപ്രദേശിലെ ‘റൈസസ്’ എന്ന ഏജൻസിയാണ് കോട്ടയം ജില്ലയിലെ പദ്ധതികൾ വിലയിരുത്തുന്നത്. കടനാട്, മുത്തോലി, വാഴൂർ, ചിറക്കടവ്, തിടനാട്, ഭരണങ്ങാനം, കുറിച്ചി, കാണക്കാരി, വെളിയൂർ, രാമപുരം എന്നീ പഞ്ചായത്തുകളാണ് സംഘം സന്ദർശിക്കുക. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന, പ്രധാൻ മന്ത്രി കൃഷി സിഞ്ചായി യോജന, പ്രധാൻ മന്ത്രി ഗ്രാമ സഡക് യോജന, സാഗി, നാഷണൽ പെൻഷൻ സ്‌കീം, ഡി.ഐ.എൽ.ആർ.എം.പി, എൻ.ആർ.എൽ.എം എന്നീ എട്ടു കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സംഘം വിലയിരുത്തും.