കണ്ണൂർ: അഴീക്കോട് മണ്ഡലത്തിലെ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ടറിയിക്കാന്‍ കെ വി സുമേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന എംഎല്‍എ ഇന്‍ പഞ്ചായത്തിന് തുടക്കമായി. ചിറക്കല്‍ ഗ്രാമപഞ്ചായത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മാറി വരുന്ന കാലഘട്ടത്തില്‍ ജനങ്ങളുടെ പ്രതീക്ഷയും കൂടി വരികയാണെന്ന് കലക്ടര്‍ പറഞ്ഞു. ജനങ്ങള്‍ അവരുടെ പ്രശ്‌ന പരിഹാരത്തിന് ജനപ്രതിനിധികളെയാണ് സമീപിക്കുക.

അതിനാല്‍ എല്ലാവരും കൂട്ടായ പ്രവര്‍ത്തനം നടത്തേണ്ടത് അനിവാര്യമാണ്. ഇത്തരത്തിലൊരു പരിപാടി ജനങ്ങള്‍ക്ക് ഉപകാരപ്രദവും സംസ്ഥാനത്തിന് മാതൃകയുമാണ്-ജില്ലാ കലക്ടര്‍ പറഞ്ഞു. ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പറയാനും കേള്‍ക്കാനുമുള്ള വേദിയായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കെ വി സുമേഷ് എംഎല്‍എ പറഞ്ഞു. കൂട്ടായ പരിശ്രമത്തിലൂടെ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. പരാതികള്‍ സ്വീകരിച്ച് ബന്ധപ്പെട്ട മന്ത്രിമാര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് കൈമാറും. പഞ്ചായത്ത് തലത്തില്‍ പരിഹരിക്കേണ്ടതിന് അവിടെ തന്നെ പരിഹാരം കാണും കെ വി സുമേഷ് പറഞ്ഞു.

ചിറക്കല്‍ പഞ്ചായത്തില്‍ നിന്നും 106 പരാതികളാണ് ലഭിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസുകളിലും പരിപാടി നടക്കും. മൂന്നു മാസത്തിലൊരിക്കല്‍ പരിപാടി ആവര്‍ത്തിക്കാനാണ് തീരുമാനം.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ചിറക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, വൈസ് പ്രസിഡണ്ട് പി അനില്‍ കുമാര്‍, മുന്‍ എംഎല്‍എ എം പ്രകാശന്‍ മാസ്റ്റര്‍, സെക്രട്ടറി ടി ഷിബു കരുണ്‍, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.