കണ്ണൂർ: കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ലിറ്റില്‍ ഫോറസ്റ്റിന്റെ ഗുണഭോക്താക്കള്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഫോക് ലാന്റ് ചെയര്‍മാന്‍ ഡോ. വി ജയരാജന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

നഗര പ്രദേശങ്ങളില്‍ വിവിധ കേന്ദ്രങ്ങളിലായി മിയാവാക്കി വനങ്ങള്‍ ഒരുക്കും. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല പദ്ധതിയുടെ ഭാഗമായി രണ്ട് മുതല്‍ അഞ്ച് സെന്റ് വരെയുള്ള ഭൂമിയില്‍ 400 മുതല്‍ 1000 വരെ ഫലവൃക്ഷങ്ങളാണ് നട്ടുവളര്‍ത്തുന്നത്. ഒരു വര്‍ഷം കൊണ്ട് കൃത്യമായി പരിപാലിച്ച് മാതൃകാ വനങ്ങള്‍ ഒരുക്കുന്നവര്‍ക്ക് പുരസ്‌കാരം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. കൃഷി വകുപ്പുമായി ചേര്‍ന്നാണ് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയായ ലിറ്റില്‍ ഫോറസ്റ്റ് നടപ്പാക്കുന്നത്.

ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ ടി സരള, വി കെ സുരേഷ് ബാബു അംഗങ്ങളായ ടി തമ്പാന്‍ മാസ്റ്റര്‍, എന്‍ പി ശ്രീധരന്‍, സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ എ വി അജയകുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോസഫ് ജോഷി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍,കൃഷി ഓഫീസര്‍മാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.