ഇടുക്കി: വിശപ്പ് രഹിത കേരളമെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിലേക്ക് സംസ്ഥാനം അതിവേഗം എത്തിക്കൊണ്ടിരിക്കുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
അറക്കുളം ഗ്രാമപഞ്ചായത്തിലെ വനിതാ വികസന വിപണന കേന്ദ്രത്തില്‍ തുടങ്ങിയ കുടുംബശ്രീ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടിണി ഇല്ലാത്ത അവസ്ഥ പൊതു സമൂഹത്തില്‍ ഉണ്ടാക്കുന്നതിനൊപ്പം സാമാന്യ ജനവിഭാഗത്തിന് ഏറെ പ്രയോജനകരമാകും എന്നുള്ളതും ജനകീയ ഹോട്ടലുകളുടെ ലക്ഷ്യമാണ്. ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം കുടുംബശ്രീ മുഖാന്തരം നടക്കുന്നു എന്നുള്ളതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഇതിന് നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.

അറക്കുളം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയിലെ സാഫല്യം ആക്ടിവിറ്റി ഗ്രൂപ്പിനാണ് മൂലമറ്റത്തെ ജനകീയ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല. അഞ്ച് അംഗങ്ങളാണ് ഗ്രൂപ്പില്‍ ഉള്ളത്.
ഭക്ഷണം തയ്യാറാക്കുന്നത് മുതല്‍ വിതരണം ചെയ്യുന്നതുവരെ എല്ലാ ചുമതലകളും അംഗങ്ങളെല്ലാവരും ഒരുമിച്ചാണ് ചെയ്യുന്നത്. 32 പേര്‍ക്ക് ഒരേ സമയം ജനകീയ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി അഞ്ച് ക്യാബിനുകളും രണ്ട് കോമ്മണ്‍ ഡെസ്‌കും ഹോട്ടലില്‍ സജ്ജീകരിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ കിച്ചന്‍, ടോയ്ലെറ്റ്, വാഷ് ഏരിയ എന്നിവയുമുണ്ട്. വൈദ്യുതീകരണം പൂര്‍ത്തിയാക്കി ലൈറ്റ്, ഫാന്‍ ഉള്‍പ്പെടെ സ്ഥാപിച്ച് കഴിഞ്ഞു.

ചോറ്, ബിരിയാണി, കപ്പ, മീന്‍ കറി, പൊറോട്ട, ബീഫ്, ചിക്കന്‍, ചെറുകടികള്‍ തുടങ്ങി എല്ലാ തരത്തിലുള്ള ഭക്ഷണവും ഇവിടെ നിന്നും വിതരണം ചെയ്യുമെന്ന് സംഘാടകര്‍ പറഞ്ഞു. ചോറിന് 20 രൂപയും പാഴ്സലായി 25 രൂപായുമാണ് ഈടാക്കുക. മീന്‍ കറിയും ചോറും 60 രൂപയ്ക്ക് ലഭിക്കും. ബാക്കി ഇനങ്ങള്‍ക്ക് മറ്റ് ഹോട്ടലുകളില്‍ ഈടാക്കുന്ന സാധാരണ വില മാത്രം നല്‍കിയാല്‍ മതിയാവും. കോവിഡ് പശ്ചാത്തലത്തില്‍ പാഴ്സല്‍ നല്‍കുന്നതിനാണ് മുന്‍ഗണന. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പ്രവര്‍ത്തന സമയം. ഇതോടൊപ്പം കേറ്ററിങ് സര്‍വീസും ഉണ്ട്. ഓര്‍ഡര്‍ അനുസരിച്ച് ഭക്ഷണം തയ്യാറാക്കി നല്‍കും. ജില്ലാ കുടുംബശ്രീ മിഷനാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം.

ചടങ്ങില്‍ അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എല്‍.ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷിബു ജോസഫ്, ടോമി വാളികുളം, മുന്‍പ്രസിഡന്റ് ടോമി കുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുബി ജോമോന്‍ സ്വാഗതവും പഞ്ചായത്തംഗം ഓമന ജോണ്‍സണ്‍ കൃതജ്ഞതയും പറഞ്ഞു.