എറണാകുളം:സംരംഭകർക്കും സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് ആവിഷ്കരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്റ്റീൽ ഫർണീച്ചർ കോമൺ ഫെസിലിറ്റി സെൻ്ററിൻ്റെ ശിലാസ്ഥാപനം 26 ന് പകൽ 11.30 ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിക്കും. എം.എസ്.എം.ഇ. കേന്ദ്ര സഹമന്ത്രി ഭാനുപ്രതാപ് സിംഗ് വർമ്മ പ്രഭാഷണം നടത്തും. എൽദോസ് കുന്നപ്പിള്ളി എം എൽ എ, ബെന്നി ബഹന്നാൻ എം.പി. , എം എസ് എം ഇ കേന്ദ്ര ഡവലപ്മെൻറ് കമീഷ്ണർ ദേവേന്ദ്ര കുമാർ സിംഗ്, കേന്ദ്ര സംസ്ഥാന ഇൻഡസ്ട്രീസ് വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുക്കും. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് രായമംഗലം പഞ്ചായത്തിലെ ഇരിങ്ങോളിൽ ഒരേക്കർ സ്ഥലത്താണ് പദ്ധതി ഒരുങ്ങുന്നത്. ഓൾ കേരള സ്റ്റീൽ ഫർണീച്ചർ മാനുഫാക്ചേഴ്സ് അസോസിയേഷൻ്റെ കീഴിൽ കാലടി സ്റ്റീൽ കൺസോഷ്യം എന്ന പേരിൽ എസ്.പി.വി രൂപീകരിച്ചാണ് കോമൺ ഫെസിലിറ്റി സെൻ്റർ നിർമ്മിക്കുന്നത്. സംരംഭക പരിശീലന കേന്ദ്രം വഴി എൻഞ്ചിനീയറിങ് അഭിരുചിയുള്ള വിദ്യാർഥികൾക്ക് പരിശീലനം നൽകാനും ആധുനിക മിഷനറികൾ പ്രവർത്തിപ്പിക്കുന്നതിനുള്ള വൈദഗ്ധ്യം നേടിയെടുക്കാനും സാധിക്കും. അഭിരുചിയുള്ള വരെ സംരംഭകരാക്കി മാറ്റുന്ന സ്കിൽ ഡെവലപ്മെൻറ് സെൻററുകൾ ആയും വിദഗ്ധരായ തൊഴിലാളികളെ സൃഷ്ടിക്കുന്ന പരിശീലന കേന്ദ്രമായും സി എഫ് സീയെ ഉപയോഗിക്കാൻ കഴിയും.