എറണാകുളം: കൊച്ചി നഗരത്തിലെ തോടുകൾ മാലിന്യവിമുക്തമാക്കി നവീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് തുക്കമായി. പണ്ടാരച്ചിറ തോടിൻ്റെ സാന്തോം കോളനി പരിസരത്ത് മേയർ അഡ്വ എം. അനിൽകുമാർ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നടത്തി. ജനപങ്കാളിത്തത്തോടെ തോടുകൾ ശുചിയാക്കണമെന്നും കൊച്ചിയെ വെള്ളക്കട്ടിൽ നിന്ന് മുക്തമാക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും മേയർ പറഞ്ഞു.

നവീകരിച്ച തോടുകളിൽ വീണ്ടും മാലിന്യം നിക്ഷേപിച്ചാൽ കർശന നടപടികൾ സ്വീകരിക്കും. തോട് അനധികൃതമായി കൈയേറുന്നവർക്കെതിരെയും നടപടിയുണ്ടാകും. കൂടാതെ കോർപ്പറേഷൻ്റെ നേതൃത്വത്തിൽ നിരീക്ഷണ ക്യാമറകളും ബോർഡുകളും പ്രദേശങ്ങളിൽ സ്ഥാപിക്കുമെന്നും മേയർ പറഞ്ഞു.

നഗരത്തിലെ പ്രധാനപ്പെട്ട 30 തോടുകളിലെ മാലിന്യം നീക്കാനും നവീകരിക്കാനുമുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. ജലസേചന വകുപ്പും കൊച്ചി കോർപ്പറേഷനും സംയുക്തമായി അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പശ്ചിമകൊച്ചിയിലെ പ്രധാന തോടുകളായ പണ്ടാരച്ചിറ തോട്, പഷ്ണി തോട്, ഐലൻ്റ് തോട്, പള്ളിച്ചാൽ തോട് , അത്തിപ്പൊഴി തോട്, വാത്തുരുത്തി തോട് എന്നിവയിലെ പ്രവൃത്തികളാണ് ആരംഭിച്ചത്.

മാലിന്യം നിക്ഷേപിക്കുന്ന കനാലുകളെ സംബന്ധിച്ച് ജലസേചന വകുപ്പ് നേരത്തെ റിപ്പോർട്ട് തയാറാക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കേണ്ട പ്രവൃത്തികൾ തയാറാക്കിയത്. കോർപ്പറേഷനെ മാലിന്യവിമുക്തമാക്കുന്ന കർമ്മ പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

കൊച്ചി കോർപ്പറേഷൻ വെൽഫെയർ ചെയർപേഴ്സൺ ഷീബ ലാൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കലിസ്റ്റ പ്രകാശ്, ഷീബ ഡ്യൂറോ, കോർപ്പറേഷൻ സെക്രട്ടറി എ.എസ്. നൈസാം, ഫോർട്ട് കൊച്ചി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജിനേഷ്, അസിസ്റ്റന്റ് എഞ്ചിനീയർ സന്തോഷ് , മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയർ ഹരിപ്രിയ, ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി. സന്ധ്യ, അസിസ്റ്റന്റ് അസിസ്റ്റന്റ് എഞ്ചിനീയർമാരായ പ്രവീൺ ലാൽ, കുമാരി സിന്ധു , അസിസ്റ്റന്റ് എഞ്ചിനീയർ ടി.എം സുനിത തുടങ്ങിയവർ സന്നിഹിതരായിരുന്നു.