എറണാകുളം: എറണാകുളം ജില്ലയിലെ മുഴുവൻ അതിഥി തൊഴിലാളികൾക്കും വാക്‌സിൻ നൽകുന്നതിന് ശനിയാഴ്ച മുതൽ ജില്ലയിലെ പ്രൈമറി ഹെൽത്ത് സെൻ്ററുകളിലും, കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകളിലും താലൂക്ക് , ജില്ലാ ആശുപത്രികളിലും മറ്റ് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യം ഏർപ്പെടുത്തിയതായി ജില്ല ലേബർ ഓഫീസർ പി.എം.ഫിറോസ് അറിയിച്ചു

അതിഥി തൊഴിലാളികൾ അവരുടെ തൊട്ടടുത്ത് വാക്സിൻ സ്ലോട്ട് ലഭ്യമായ വാക്സിനേഷൻ കേന്ദ്രം മനസ്സിലാക്കി കോവിൻ പോർട്ടലിൽ റെജിസ്റ്റർ ചെയ്ത് സ്ലോട്ട് ബുക്ക് ചെയ്തത് റഫറൻസ് നമ്പർ സഹിതം എത്തി വാക്സിൻ സ്വീകരിക്കാവുന്നതാണ്.വാക്സിനേഷൻ സംബന്ധിച്ച ആവശ്യങ്ങൾക്കായി തൊഴിലുടമകൾക്കും തൊഴിലാളികൾക്കും തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കെട്ടിടങ്ങളുടെ ഉടമകൾക്കും അസി. ലേബർ ഓഫീസർമാരുമായും പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെൻ്ററിലും ബന്ധപ്പെടാവുന്നതാണ്.

ജില്ലയിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കുള്ള ആദ്യ ഡോസ് വാക്‌സിനേഷൻ 80% പൂർത്തിയായി. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും തൊഴിൽ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും , സർക്കാരിതര സംഘടനകളും സംയുക്തമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ നേട്ടം.ഈ മാസം അവസാനത്തോടെ മുഴുവൻ അതിഥി തൊഴിലാളികൾക്കും ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.എറണാകുളം കരയോഗത്തിൻ്റെ നേതൃത്വത്തിൽ ബിപിസിഎൽ-ൻ്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് എറണാകുളം ലക്ഷ്മി ഹോസ്പിറ്റൽ മെഡിക്കൽ പാർട്ട്നറായി നടപ്പിലാക്കുന്ന ക്ലിനിക് ഓൺ വീൽസ് പദ്ധതിയും അതിഥി തൊഴിലാളികളുടെ വാക്സിനേഷനായി ഉപയോഗപ്പെടുത്തുന്നുണ്ട്