• ശാസ്ത്രീയ പഠനത്തിന് ഏജന്‍സിയെ നിയോഗിക്കും;
  • കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക സംഘം
കൊച്ചി: തേവര പണ്ഡിറ്റ് കറുപ്പന്‍ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ദീര്‍ഘകാല, ഹ്രസ്വകാല പദ്ധതികളുള്‍പ്പെടെ സമഗ്ര പദ്ധതി നടപ്പാക്കാന്‍ തീരുമാനം. എറണാകുളം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ കെ.വി. തോമസ് എം.പിയുടെയും ഹൈബി ഈഡന്‍ എംഎല്‍എയുടെയും സാന്നിധ്യത്തില്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അടുത്ത 20 വര്‍ഷത്തേക്കുള്ള തേവരയുടെ വികസനം കണക്കിലെടുത്ത് റോഡ് വികസനത്തിന് മുന്‍ഗണന നല്‍കി ശാസ്ത്രീയ പഠനം നടത്തും. ഇതിനായി സര്‍ക്കാര്‍ ഏജന്‍സിയെ നിയോഗിക്കും. വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ നഗരാസൂത്രണ പദ്ധതി തയാറാക്കും. സമാന്തര റോഡ് നിര്‍മ്മാണം, സ്ഥലമേറ്റെടുപ്പ്, പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പഠിക്കും.
തേവര റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള ഹ്രസ്വകാല നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായിരിക്കും ആദ്യ പരിഗണന. തേവര റോഡിലെ അനധികൃത കൈയേറ്റങ്ങള്‍ കണ്ടെത്തുന്നതിന് കണയന്നൂര്‍ തഹസില്‍ദാരുടെ (എല്‍എ) നേതൃത്വത്തില്‍ മൂന്ന് സര്‍വേയര്‍മാരടങ്ങുന്ന
പ്രത്യേക സംഘത്തെ നിയമിക്കും. ഈ മാസം തന്നെ അനധികൃത കൈയേറ്റങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. റെയില്‍വേ മേല്‍പ്പാലത്തിന്റെ തൂണുകളുടെ ഉയരവും വീതിയും വര്‍ധിപ്പിക്കുക, ഇലക്ട്രിക് പോസ്റ്റുകളും അനാവശ്യ നിര്‍മ്മിതികളും നീക്കം ചെയ്യുക, അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുക, റോഡില്‍ പാര്‍ക്കിംഗ് നിരോധിക്കുക, കടകളുടെ ബോര്‍ഡുകള്‍ റോഡിലിറക്കി വെക്കുന്നത് തടയുക, സ്‌കൂള്‍ സമയത്ത് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക, പെരുമാനൂര്‍ ജംഗ്ഷനിലുള്ള റെയില്‍വേ ഭൂമി പാര്‍ക്കിംഗിനായി ഉപയോഗപ്പെടുത്തുക, ശാസ്ത്രീയ പഠനം നടത്തുക എന്നീ നിര്‍ദേശങ്ങളാണ് പണ്ഡിറ്റ് കറുപ്പന്‍ റോഡ് വികസന സമിതി കണ്‍വീനറും കൗണ്‍സിലറുമായ സി.കെ. പീറ്റര്‍ സമര്‍പ്പിച്ചത്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പണ്ഡിറ്റ് കറുപ്പന്‍ റോഡ് വികസന സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് ഒരു മാസത്തിനകം നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
ഗതാഗതക്കുരുക്കിന് കാരണമാകും വിധം അനധികൃതമായി വഴിയരികില്‍ കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്നതിന് കോര്‍പ്പറേഷനും സഹകരിക്കുമെന്ന് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ അറിയിച്ചു.
മട്ടമ്മല്‍, ചക്കോളാസ് തുടങ്ങിയ തിരക്കേറിയ ജംഗ്ഷനില്‍ ട്രാഫിക് വാര്‍ഡന്‍മാരെ നിയമിക്കണമെന്ന് കെ.വി. തോമസ് എം.പി നിര്‍ദേശിച്ചു. അറ്റ്‌ലാന്റിസ് റോഡ് നിര്‍മ്മാണവും ഉടന്‍ പൂര്‍ത്തീകരിക്കണം. തേവര പണ്ഡിറ്റ് കറുപ്പന്‍ റോഡിന് സമാന്തര പാത കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തേവരയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കോളേജിന്റെ നേതൃത്വത്തില്‍ പദ്ധതി തയാറാക്കുന്നുണ്ട്. ഇ.ശ്രീധരനും സംരംഭവുമായി സഹകരിക്കുന്നുണ്ടെന്നും എം.പി അറിയിച്ചു.
കണ്ണങ്കാട്ട് പാലം പൂര്‍ത്തിയായതോടെ തേവര റോഡിലേക്കുള്ള ഗതാഗതം വര്‍ധിച്ചുവെന്ന് ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള റോഡ് വികസനം അപ്രായോഗികമാണ്. എലവേറ്റഡ് റോഡ് നിര്‍മ്മാണത്തിന്റെ സാധ്യതകള്‍ പരിശോധിക്കണം. തേവര ജംഗ്ഷന്‍ മുതല്‍ ഫെറി വരെ ഗതാഗതം പുനക്രമീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുവെന്ന് കൗണ്‍സിലര്‍ എലിസബത്ത് പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ കക്ഷി പ്രതിനിധികളും റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും റോഡ് വികസന പദ്ധതിക്ക് പിന്തുണ അറിയിച്ചു.
കൗണ്‍സിലര്‍മാരായ ഡേവിഡ് പറമ്പിത്തറ, എം.ടി. സത്യന്‍, റെസിഡന്‍സ് അസോസിയേഷന്‍ കോഓര്‍ഡിനേഷന്‍ കൗണ്‍സില്‍ പ്രതിനിധി കുരുവിള മാത്യു, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.ടി. ഷാബു, ട്രാഫിക് എസിപി നസീര്‍, ഡിടിപിസി എക്‌സിക്യൂട്ടീവ് അംഗം പി.ആര്‍. റെനീഷ്, അഡ്വ. അനില്‍കുമാര്‍, കണയന്നൂര്‍ തഹസില്‍ദാര്‍ (എല്‍എ) പി.ആര്‍. രാധിക, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.