സുല്‍ത്താന്‍ ബത്തേരി: നഗരസഭയില്‍ മൈതാനിക്കുന്ന് 21ാം ഡിവിഷനിലെ ഫെയര്‍ലാന്റ് കൈപ്പഞ്ചേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ വെള്ളം കയറി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു. കൈപ്പഞ്ചേരി തോട് കനത്ത മഴയില്‍ നിറഞ്ഞുകവിഞ്ഞാണ് തടത്തില്‍ രാധാകൃഷ്ണന്‍, കുറ്റിക്കാട്ടില്‍ പ്രതീഷ്, കാവുങ്കല്‍ ചന്ദ്രിക എന്നിവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിലേക്ക് വെള്ളംകയറിയത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഭക്ഷ്യസാധനങ്ങള്‍, തുണികള്‍, കുട്ടികളുടെ പുസ്തകങ്ങള്‍ എന്നിവ നശിച്ചു. നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു, ഡിവിഷന്‍ കൗണ്‍സിലര്‍ ബാനു പുളിക്കല്‍ എന്നിവര്‍ സ്ഥലത്തെത്തി ക്വാര്‍ട്ടേഴ്‌സിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയെടുത്തു. കാട് വെട്ടിമാറ്റി കൈപ്പഞ്ചേരി തോട് വൃത്തിയാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നു നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.