കൊല്ലം: അഞ്ചല്‍ ബൈപാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് സഞ്ചാരയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. അഞ്ചല്‍- ആയൂര്‍ റോഡ്, അഞ്ചല്‍ ബൈപാസ് എന്നിവ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ പൊതുജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായ ബൈപാസിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.പൂര്‍ത്തിയാകുന്നതോടെ പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്ര സുഗമമാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
അഞ്ചല്‍ ബൈപാസ് നിര്‍മാണം, ആയൂര്‍-അഞ്ചല്‍ റോഡ് നവീകരണം എന്നിവയ്ക്കായി 123.37 കോടിരൂപയാണ് കിഫ്ബി ധനസഹായം. ആയൂര്‍ മുതല്‍ അഗസ്ത്യക്കോട് വരെയുള്ള സംസ്ഥാനപാതയുടെ വീതി 10 മീറ്ററാക്കി റോഡിന് ഇരുവശവും ഓട നിര്‍മിച്ച് ഫുട്പാത്ത്, കലുങ്കുകള്‍, വട്ടമണ്‍ പാലത്തിന് സമാന്തരമായി പുതിയ പാലം, ബസ് ഷെല്‍റ്റര്‍, നടപ്പാതയ്ക്ക് കൈവരി, തെരുവുവിളക്കുകള്‍, റോഡ് സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയാണ് നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പുതുതായി നിര്‍മ്മിക്കുന്ന അഞ്ചല്‍ ബൈപാസ് റോഡ് നാലുവരിപാതയാക്കി റോഡിനിരുവശവും ഓടകള്‍ നിര്‍മ്മിക്കും. നടപ്പാതയ്ക്ക് കൈവരി, ലാന്‍ഡ് സ്‌കേപ്പിംഗ്, തെരുവുവിളക്കുകള്‍ സ്ഥാപിക്കല്‍, ബസ് ഷെല്‍റ്റര്‍ നിര്‍മാണം എന്നിവയും പദ്ധതിയിലുണ്ട്. വിവിധ സ്ഥലങ്ങളില്‍ പൈപ്പ് കള്‍വര്‍ട്ടും ഒരു സ്ഥലത്ത് ബോക്‌സ് കള്‍വെര്‍ട്ടും സ്ഥാപിക്കും.
പി. എസ് സുപാല്‍ എം.എല്‍.എ, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജു, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം അംബിക കുമാരി, പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം പങ്കെടുത്തു.