കൊല്ലം:കുടുംബശ്രീ പ്രവര്‍ത്തകര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നു വരികയാണെന്ന് മന്ത്രി ജെ.ചിഞ്ചു റാണി. കാര്‍ഷിക പോഷക ഉദ്യാന ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സ്വയം പര്യാപ്തതയോടെ വിവിധ മേഖലകളില്‍ പ്രാവീണ്യം സൃഷ്ടിക്കാന്‍ കുടുംബശ്രീക്ക് കഴിയും. ക്യാമ്പയ്ന്‍ വഴി നടപ്പിലാക്കുന്ന ജൈവ പച്ചക്കറി കൃഷിയുടെ വ്യാപനത്തിലൂടെ ജീവിത ശൈലി രോഗങ്ങള്‍ക്ക് തടയിടാനും കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വ്വ് സൃഷ്ടിക്കാനും കഴിയുമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.
മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് സുമലാല്‍ മുഖ്യാതിഥിയുമായി.
കുടുംബത്തിന്റെ പൂര്‍ണ്ണ പോഷക ആവശ്യങ്ങള്‍ക്കായി എല്ലാ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ സജ്ജമാക്കാനും ഇതുവഴി പോഷകസമൃദ്ധമായ പച്ചക്കറികളും പഴവര്‍ഗങ്ങളും സംസ്ഥാനത്തെ 10 ലക്ഷത്തോളം കുടുംബങ്ങളില്‍ എത്തിക്കാനുമാണ് കുടുംബശ്രീ മിഷന്‍ ലക്ഷ്യമിടുന്നത്.
എല്ലാ ഗ്രാമ പഞ്ചായത്തുകളിലെയും ഓരോ വാര്‍ഡുകളില്‍ നിന്ന് കുറഞ്ഞത് മൂന്ന് സെന്റില്‍ കൃഷി ചെയ്യാന്‍ താല്പര്യമുള്ള 50 കുടുംബങ്ങളെ വീതമാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്നത്. 1234 വാര്‍ഡുകളിലായി 61,700 കുടുംബങ്ങളാണ് പങ്കെടുക്കുന്നത്. വാര്‍ഡ് തലത്തില്‍ വിദഗ്ധ പരിശീലനവും അഞ്ചിനം പച്ചക്കറി വിത്തുകള്‍ സൗജന്യമായി നല്‍കുന്നുമുണ്ട്.
കുടുംബശ്രീ സി.ഡി.എസുകളില്‍ രജിസ്റ്റര്‍ ചെയ്ത 50 പേരടങ്ങുന്ന ക്ലസ്റ്ററുകള്‍ ആക്കി ജൈവ രീതിയിലാണ് കൃഷി. കൃഷിയുടെ ഓരോ ഘട്ടത്തിലും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നാട്ടു ചന്തകള്‍ വഴി വിപണനം നടത്തുകയും ചെയ്യും.
കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വി.ആര്‍ അജു, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജി.അരുണ്‍കുമാര്‍, പെരിനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബി. മണിയമ്മ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഹണിമോള്‍ രാജു വിവിധ സി.ഡി.എസ്സ് അംഗങ്ങള്‍, കുടുംബശ്രീ ജില്ലാ ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
