കൊല്ലം: അഷ്ടമുടി കായല്‍ സംരക്ഷണം, ആവാസവ്യവസ്ഥ നിലനിര്‍ത്തല്‍ എന്നിവയ്ക്കായി എല്ലാ വിഭാഗങ്ങളുടേയും സര്‍ക്കാര്‍ സംവിധാനങ്ങളുടേയും കൂട്ടായ പരിശ്രമം ഉറപ്പാക്കിയെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. ഒക്ടോബര്‍ രണ്ടിനു നടക്കുന്ന കായല്‍ ശുചീകരണ യജ്ഞത്തിന്റെ സംഘാടനം വിലയിരുത്താന്‍ നടത്തിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മേയര്‍.
ശുചീകരണ പരിപാടിയോടെ കായലിന്റെ അവസ്ഥയ്ക്ക് കാര്യമായ മാറ്റം വരുത്താമെന്നാണ് പ്രതീക്ഷ. ശുചിത്വപാലനം തുടര്‍ പ്രക്രിയായി നിലനിറുത്തുന്നതിന് പ്രാധാന്യം നല്‍കും. ഇതിനായി സര്‍ക്കാര്‍ വകുപ്പുകളുടെ സജീവ ഇടപെടല്‍ ഉറപ്പാക്കുമെന്നും മേയര്‍ വ്യക്തമാക്കി.
ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു. പവിത്ര, ഉള്‍നാടന്‍ ജലഗതാഗതം, ജലസേചനം, തുറമുഖം, ഫിഷറീസ്, പൊതുമരാമത്ത്, വിദ്യാഭ്യാസം, കൃഷി, വിനോദസഞ്ചാരം തുടങ്ങിയ വകുപ്പജശളുടെ മേധാവിമാര്‍, ഹരിത-ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിനിധി, വിവിധ കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.