കൊല്ലം: കോവിഡാനന്തര ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ‘സ്വാസ്ഥ്യസ്പര്‍ശം’ പദ്ധതിയുമായി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്. ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 25) രാവിലെ 10ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കും. ആയുര്‍വേദം, ഹോമിയോ, യോഗ എന്നിവയോടൊപ്പം ക്ലിനിക്കല്‍ കൗണ്‍സിലിംങ്ങും ഉള്‍പ്പെടുത്തിയ സംവിധാനമാണിത്.
കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനാകും . പി. സി. വിഷ്ണുനാഥ് എം.എല്‍.എ ചടങ്ങില്‍ മുഖ്യഥിതിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഒന്നാം ഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം എന്ന് പ്രസിഡന്റ് വി.പി രമാദേവി പറഞ്ഞു.
ഉമ്മന്നൂര്‍ ഗ്രാമപഞ്ചയത്തില്‍ പാലിയേറ്റിവ് വിഭാഗത്തില്‍പ്പെട്ടവരുടെ വാക്സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയായി. 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ ഒന്നാം ഡോസ് വാക്സിനേഷന്‍ 90 ശതമാനം പിന്നിട്ടു. 35000 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിയാതായി ഉമ്മന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവന്‍ പറഞ്ഞു.
