പാലക്കാട്‌: ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്തില്‍ കടാശ്വാസമായി ആകെ അനുവദിച്ചത് 3,96,03,150 കോടി രൂപ. രണ്ടാം ദിനമായ വെള്ളിയാഴ്ച (സെപ്തംബര്‍ 24) 301 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 282 പേര്‍ക്ക് കടാശ്വാസം അനുവദിച്ചു. ഇതുപ്രകാരം 1,66,31,750 രൂപ സര്‍ക്കാര്‍ കടാശ്വാസമായി ബാങ്കുകള്‍ക്ക് നല്‍കും. 2014 മാര്‍ച്ച് 31 വരെയുള്ള അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്.

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ എബ്രഹാം മാത്യുവിന്റെ നേതൃത്വത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന അദാലത്തില്‍ ആകെ 602 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 509 കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ കടാശ്വാസം അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ളവയില്‍ പിന്നീട് പരിഗണനയ്ക്കായി മാറ്റി വെച്ചതും സര്‍ക്കാര്‍ നിശ്ചയിച്ച കാലാവധിക്ക് മുന്‍പുള്ളവയും ഉള്‍പ്പെടുന്നതാണ്.

ആദ്യദിനം 2, 29,71, 400 രൂപയാണ് കടാശ്വാസമായി അനുവദിച്ചത്. കര്‍ഷകര്‍ സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത തുകയുടെ പലിശ ഒഴിവാക്കി പകുതിയോളം തുക സര്‍ക്കാരും, ബാക്കി തുക ആറുമാസത്തിനകം കര്‍ഷകരും ബാങ്കുകളില്‍ തിരിച്ചടക്കേണ്ട രീതിയിലാണ് കടാശ്വാസം അനുവദിച്ചിട്ടുള്ളത്.

ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ കമ്മീഷന്‍ അംഗങ്ങളായ ചാമുണ്ണി, ജോസ് പാലത്തിനാല്‍, ഇസ്മയില്‍, ദിനകരന്‍, ജോണ്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു.