തിരുവനന്തപുരം: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം പദ്ധതി പ്രവർത്തനം ആരംഭിച്ചു. ഡ്രോൺ, ഡിഫറൻഷ്യൽ ജി.പി.എസ്, ലേസർ ടേപ്പിങ് തുടങ്ങി പുത്തൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രദേശത്തെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങൾ ഇനി മുതൽ വേഗത്തിൽ സമാഹരിക്കാൻ കഴിയും.

ജി.ഐ.എസ് മാപ്പിങ് സംവിധാനത്തിലൂടെ പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളുടെയും സൂക്ഷ്മതല ഭൂവിനിയോഗ വിവരങ്ങളും പ്രദേശവാസികളുടെ വിവരങ്ങളും പഞ്ചായത്ത് വെബ്‌പോർട്ടലിൽ ലഭ്യമാകും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഐ.ടി. സംരംഭമായ യു.എൽ. ടെക്നോളജി സൊല്യൂഷൻസാണ് പുതിയ ഡിജിറ്റൽ സംവിധാനം വികസിപ്പിച്ചത്.

ജനകീയാസൂത്രണ നീർത്തടാധിഷ്ഠിത പദ്ധതി പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി പറഞ്ഞു.