വയനാട്: സഹകരണ സ്ഥാപനങ്ങള്‍ 117 കേന്ദ്രങ്ങളില്‍ ഓണം – ബക്രീദ് ചന്തകളൊരുക്കുന്നു. ആഗസ്ത് 14 മുതല്‍ 24 വരെ ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലാണ് 117 ഓണം-ബക്രീദ് ചന്തകള്‍ നടത്താന്‍ തീരുമാനിച്ചത്. കണ്‍സ്യൂമര്‍ഫെഡ് ഇതിനാവശ്യമായ സാധനങ്ങള്‍ സംഘങ്ങള്‍ക്ക് ആഗസ്ത് അഞ്ചുമുതല്‍ വിതരണം ചെയ്യും. മാനന്തവാടി താലൂക്കില്‍ 55, വൈത്തിരി താലൂക്കില്‍ 39, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 23 ചന്തകളാണ് ആരംഭിക്കുക. ജയ അരി, കുറുവ അരി, കുത്തരി, പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, കടല, ഉഴുന്ന്, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി എന്നിങ്ങനെ 13 ഇനങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ സബ്സിഡിയോടെ ഗണ്യമായ വിലക്കുറവില്‍ ലഭ്യമാക്കുക. ഇതു കൂടാതെ പൊതുവിപണിയിലെ വിലയേക്കാള്‍ 30 ശതമാനം വരെ വിലക്കുറവില്‍ 41 ഇനം സാധനങ്ങളും ചന്തകളില്‍ ലഭ്യമാക്കും. വിലക്കുറവിനോടൊപ്പം തന്നെ ഇത്തവണ ഗുണമേന്മ ഉറപ്പുവരുത്താനും പ്രത്യേക നിര്‍ദേശമുണ്ട്. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സഹകരണ സ്ഥാപനങ്ങളില്‍ ഓണച്ചന്ത നടത്തുന്നതുമായി ബന്ധപ്പെട്ട യോഗം കല്‍പ്പറ്റയില്‍ ചേര്‍ന്നു. ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) പി. റഹീം അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിംഗ്) അബ്ദുല്‍ റഷീദ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) എം. സജീര്‍, ഗിരീഷ്‌കുമാര്‍, അനില്‍കുമാര്‍, പി.വി സഹദേവന്‍, കെ. വേലായുധന്‍, അബ്ദുല്ല, കെ.കെ സോമന്‍, വാസു തുടങ്ങിയവര്‍ സംസാരിച്ചു.
