തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് അമേരിക്കന്‍ പ്രവാസി മലയാളികള്‍ ഉറപ്പ് നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. തുടക്കത്തില്‍ 20 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് അവര്‍ സഹായം നല്‍കുന്നത്. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണവും പുനരുദ്ധാരണവും സംബന്ധിച്ച് അമേരിക്കയില്‍ നടന്ന പ്രവാസി മലയാളികളടെ യോഗത്തിലാണ് അവര്‍ മന്ത്രിക്ക് ഉറപ്പ് നല്‍കിയത്.

കേരളത്തിന്റെ ആവശ്യം മനസിലാക്കിയ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ പ്രവാസികള്‍ വളരെ പ്രോത്സാഹനജനകമായ സഹകരണമാണ് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത ഓരോ വ്യക്തിയും അവരവരുടെ ജന്മസ്ഥലത്തുള്ള ഓരോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുകയും ആരോഗ്യ വകുപ്പിന്റെ ഗൈഡ് ലൈന്‍ അനുസരിച്ച് ആ പ്രദേശത്തുള്ള ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. അതുകൂടാതെ സ്ത്രീകള്‍ക്കുള്ള ഗര്‍ഭാശയഗള ക്യാന്‍സര്‍ ആരംഭ ദിശയില്‍ തന്നെ കണ്ടെത്താനുള്ള പാപ് സ്മിയര്‍ ടെസ്റ്റിനുള്ള ഉപകരണങ്ങള്‍ സംഭാവനയായി നല്‍കാമെന്നും അവര്‍ ഉറപ്പ് നല്‍കി.