കോവിഡ് പശ്ചാത്തലത്തില്‍ തകര്‍ന്ന സാമ്പത്തിക മേഖലയുടെ തിരിച്ചു വരവിനായി തൊഴില്‍ സാധ്യകള്‍ ഉറപ്പാക്കുന്ന വരുമാന സ്രോതസുകളെ പിന്തുണയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. വെളിയം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കുടുംബശ്രീ എസ്. ഡി. എസ്സുകള്‍ക്കുള്ള റിവോള്‍വിംഗ് ഫണ്ട് ജില്ലാതല വിതരണോദ്ഘാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പുതിയ തലങ്ങളിലേക്കുള്ള വളര്‍ച്ചാഘട്ടത്തിലാണ് കുടുംബശ്രീ. ചിട്ടയുള്ള സാമ്പത്തിക ഇടപാടാണ് മുഖ്യ സവിശേഷത. ഏതു മേഖലയിലും വിനിയോഗിക്കാവുന്ന തൊഴില്‍ കരുത്തും പ്രസ്ഥാനത്തിനുണ്ട്. ജനകീയ ഹോട്ടല്‍ മുതല്‍ വിമാനത്താവള നടത്തിപ്പ് വരെ സാധ്യമാക്കിയ കൂട്ടായ്മയ്ക്ക് മികച്ച പ്രവര്‍ത്തനം തുടരെ നടത്തുന്നതിനായാണ് കൂടുതല്‍ ഫണ്ട് നല്‍കുന്നത്. പലിശ കുറഞ്ഞ വായ്പ നല്‍കിയും പിന്തുണയ്ക്കുകയാണ്. പരമാവധി തൊഴില്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കേണ്ട സാഹചര്യമാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ബിനോജിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ മുഖ്യതിഥിയായി. വെളിയം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ കെ. സോമശേഖരന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വി. ആര്‍. അജു, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജി. അരുണ്‍ കുമാര്‍, വെളിയം സി. ഡി. എസ്. ചെയര്‍പേഴ്‌സന്‍ ജയന്തി മധു തുടങ്ങിയവര്‍ പങ്കെടുത്തു.