കുടുംബങ്ങളിലെ പോഷകാഹാര ലഭ്യത ഉറപ്പു വരുത്തുന്നതിനായി കുടുംബശ്രീ സംഘടിപ്പിക്കുന്ന അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. വ്യവസായ വകുപ്പു മന്ത്രി പി.രാജീവ് ഫല വൃക്ഷ തൈനട്ട് ക്യാമ്പയ്ൻ ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ കുടുംബശ്രീയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കേരഗ്രാമം പദ്ധതിയിൽ കരുമാല്ലൂരിനെ കൂടി ഉൾപ്പെടുത്തുക വഴി അഞ്ച് വർഷത്തിനുള്ളിൽ വലിയ നേട്ടം കൈവരിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കരുമാല്ലൂർ പഞ്ചായത്ത് ഒൻപതാം വാർഡിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീലത ലാലു അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാർഡിലും കുറഞ്ഞത് 3 സെൻ്റ് സ്ഥലത്തെങ്കിലും കൃഷി ചെയ്യാൻ താല്പര്യമുള്ള 50 കുടുംബങ്ങളെയാണ് ക്യാമ്പയിനിലേക്ക് തിരഞ്ഞെടുക്കുന്നത്. 1338 വാർഡുകളിലെ 70000 കുടുംബങ്ങളിൽ പോഷക സമൃദ്ധമായ പച്ചക്കറികൾ പഴവർഗ്ഗങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നതിന് ലക്ഷ്യമിടുന്നു. കുറഞ്ഞത് മൂന്ന് സെൻ്റ് മുതലുള്ള പ്ലോട്ടുകളിൽ അഞ്ചിനം പച്ചക്കറികളും രണ്ടിനം ഫല വൃക്ഷങ്ങളുമാണ് കൃഷി ചെയ്യേണ്ടത്. വാർഡ് തലത്തിൽ പരിശീലനം ലഭിച്ചവർക്ക് വിത്തുകൾ സൗജന്യമായി നൽകും.

കാർഷിക വിളകളായ തക്കാളി / വെണ്ട ,പാവൽ പടവലം, ചീര മത്തൻ മല്ലി / പുതിന എന്നിവയും ഫലവൃക്ഷ തൈകളും അഗ്രോ ന്യൂട്രി ഗാർഡനിൽ ഉണ്ടാകും. മൂന്ന് മാസത്തിനുള്ളിൽ വിളവെടുപ്പ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
കുടുംബശ്രീ എറണാകുളം ജില്ലാ കോർഡിനേറ്റർ എസ്.രഞ്ജിനി, അസിസ്റ്റൻറ് കോർഡിനേറ്റർ കെ.വിജയം, ജില്ലാ പ്രോഗ്രാം മാനേജർ രമ്യ ടി ആർ. , ജില്ലാ പഞ്ചായത്ത് അംഗം ടി കെ രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സ്മിതാ ഹസീബ്, പഞ്ചായത്തംഗം ടി കെ അയ്യപ്പൻ, സിഡിഎസ് ചെയർപേഴ്സൺ സുഹൈല ബീവി എന്നിവർ യോഗത്തിൽ പങ്കെടുത്തു.