മലപ്പുറം  ജില്ലയില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന യോഗത്തില്‍ മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ഇതിനു വേണ്ട നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി യോഗത്തില്‍ നല്‍കി. കഴിഞ്ഞ യോഗത്തിലെ തുടര്‍ നടപടികള്‍, എം.എല്‍.എമാര്‍ മുന്‍കൂട്ടി ഉന്നയിച്ച വിഷയങ്ങള്‍, ജലസേചനം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പദ്ധതി അവതരണം, സംസ്ഥാന – കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തല്‍, കോറ്റ്പ (സി ഒ റ്റി പി എ) പുരോഗതി, മറ്റു വിഷയങ്ങള്‍ എന്നിവയായിരുന്നു യോഗത്തിലെ പ്രധാന അജണ്ട.

നിലമ്പൂര്‍ – ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണ തോതില്‍ പുനരാരംഭിക്കാന്‍ ആവശ്യമായ നടപടികളെടുക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് അഡ്വ.യു.എ ലത്തീഫ് എം.എല്‍.എ പ്രമേയം അവതരിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകള്‍ ചരിത്ര രേഖയില്‍ നിന്നും വെട്ടിമാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും ഇന്ത്യന്‍ ഹിസ്റ്ററി റിസര്‍ച്ച് കൗണ്‍സിലിനോടും ആവശ്യപ്പെട്ട് പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ പ്രമേയം അവതരിപ്പിച്ചു.

പി.വി അബ്ദുള്‍ വഹാബ് എം.പിയുടെ പ്രതിനിധി അഡ്വ. പി.അബു സിദ്ധീഖ് പ്രമേയ അനുവാദകനായി. എസ്.എസ്.എല്‍.സി പാസായ 20,000 ത്തോളം വിദ്യാര്‍ഥികള്‍ തുടര്‍പഠനത്തിന് അവസരമില്ലാതിരിക്കെ പുതുതായി ബാച്ചുകള്‍ അനുവദിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടി.വി ഇബ്രാഹിം എം.എല്‍.എ പ്രമേയം അനുവാദകനായി.

മഞ്ചേരി നഗരത്തില്‍ കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് റോഡുകള്‍ കുഴിച്ചത് റീ ടാര്‍ ചെയ്യാത്തതിനെ തുടര്‍ന്നുള്ള ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് അഡ്വ.യു.എ ലത്തീഫ് എം.എല്‍.എ ആവശ്യപ്പെട്ടു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറും വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയറും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും ആഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താനും നിലവിലുള്ള തടസങ്ങള്‍ അടിയന്തരമായി പരിഹരിക്കാനും ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കി. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂള്‍ നവീകരണത്തിന് ഫണ്ട് വകയിരുത്തിയ സ്‌കൂളുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കാനും സാങ്കേതിക നിയമ തടസങ്ങളുണ്ടെങ്കില്‍ അത് എം.എല്‍.എമാരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുന്നതിനും യോഗം നിര്‍ദേശം നല്‍കി.

കൊണ്ടോട്ടി – എടവണ്ണപ്പാറ റോഡിലെ കുണ്ടും കുഴിയും അടക്കുന്നതിനുള്ള പാച്ച് വര്‍ക്ക് നടന്നുകൊണ്ടിരിക്കുകയാണെന്ന് യോഗത്തില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ആര്‍.എഫ്.ബി അറിയിച്ചു. മണ്ണട്ടാംപാറ വിയര്‍ കം ലോക്കിന്റെ തകര്‍ന്ന ഫൂട്ട് പാത്ത് ശരിയാക്കിയെടുക്കുന്നതിനും കൈവരി സ്ഥാപിക്കുന്നതിനുമായി 10 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി സാമ്പത്തിക അംഗീകാരത്തിനായി സമര്‍പ്പിച്ചുവെന്നും അംഗീകാരം ലഭിക്കുന്ന മുറക്ക് പ്രവൃത്തി ടെന്‍ഡര്‍ ചെയ്ത് പ്രാവര്‍ത്തികമാക്കും. ഫൂട്ട്പാത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് ജനങ്ങളുടെ ഫൂട്ട്പാത്തിലൂടെയുള്ള സഞ്ചാരം പൂര്‍ണമായും ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും കോണ്‍ക്രീറ്റ് ബ്രിഡ്ജിന് പകരം സ്റ്റീല്‍ ബ്രിഡ്ജ് നല്‍കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുവാന്‍ നിര്‍ദേശിച്ചു കൊണ്ടുള്ള ചീഫ് എഞ്ചിനീയറുടെ കത്തിന് സ്റ്റീല്‍ ബ്രിഡ്ജ് നല്‍കുന്നതിലുള്ള പ്രയോഗിക ബുദ്ധിമുട്ടുകള്‍ വിശദീകരിച്ചുകൊണ്ടുള്ള മറുപടി സമര്‍പ്പിക്കുമെന്ന് യോഗത്തില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലേക്കും ഹെല്‍ത്ത് സെക്രട്ടറിയോടും മുഖ്യമന്ത്രിയുടെ കോവിഡ് അവലോകന യോഗത്തില്‍ ജില്ലാകലക്ടറും ജനസംഖ്യാനുപാതികമായി ജില്ലക്ക് കൂടുതല്‍ വാക്‌സിന്‍ ലഭിക്കാനായി ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഏതാനും ആഴ്ചകളിലായി സംസ്ഥാനത്തിനു ലഭ്യമാകുന്ന വാക്‌സിനുകള്‍ ജനസംഖ്യാനുപാതികമായി ജില്ലക്ക് ലഭ്യമാകുന്നുണ്ടെന്നും യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വന്യമൃഗങ്ങള്‍ വ്യാപകമായി എടക്കര, വഴിക്കടവ്, കാളികാവ്, കരുവാരക്കുണ്ട് ഭാഗങ്ങളില്‍ കര്‍ഷകരുടെ കൃഷി നശിപ്പിക്കുന്നതിനും ജീവനും സ്വത്തിനും ഭീഷണിയാകുന്നതിനും പരിഹാരമായി സൗരോര്‍ജ്ജ വേലികള്‍ ഇല്ലാത്ത വനാതിര്‍ത്തികളില്‍ വേലികള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും നിലവില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത സൗരോര്‍ജ്ജ വേലികള്‍ വന സംരക്ഷണ സമിതികള്‍ മുഖേന റിപ്പയര്‍ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കുമെന്നും നോര്‍ത്ത് ഡി.എഫ്.ഒ യോഗത്തില്‍ പറഞ്ഞു. വന്യമൃഗ ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ രാത്രി കാല പട്രോളിങ് ശക്തിപ്പെടുത്തി. കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ ആനകള്‍ കാടിനു പുറത്തിറങ്ങുന്നത് നിരീക്ഷിക്കുന്നതിന് രാത്രി കാല വാച്ചര്‍മാരെ നിയോഗിച്ചു. ശല്യക്കാരായ കാട്ടുപന്നികളെ ലൈസന്‍സുള്ള തോക്കുടമകള്‍ക്ക് വെടിവച്ചു കൊല്ലുന്നതിനുള്ള അനുമതി നല്‍കുകയും ഇതുവരെ വരെ നിലമ്പൂര്‍ ഡിവിഷനു കീഴില്‍ 27 കാട്ടുപന്നികളെ വെടിവെച്ച് കൊന്നതായും ഡി.എഫ്.ഒ നോര്‍ത്ത് യോഗത്തില്‍ അറിയിച്ചു. കെ.എസ്.ഇ.ബി, ജല അതോറിറ്റി, പൊതുവിദ്യാഭ്യാസം, റോഡുകള്‍, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ മുഖേന ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതിയും പദ്ധതികളും യോഗത്തില്‍ വിലയിരുത്തി. പദ്ധതികളുടെ നടത്തിപ്പിന് തുടര്‍ യോഗങ്ങള്‍ ചേരാനും ജില്ലാവികസന സമിതി യോഗത്തില്‍ തീരുമാനിച്ചു.

ഓണ്‍ലൈനായി നടന്ന യോഗത്തില്‍ എം.എല്‍.എമാര്‍, ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്‍, എ.ഡി.എം എന്‍.എം മെഹറലി,ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ ഫാത്തിമ്മ, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.