എറണാകുളം: കളമശ്ശേരി മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കിയതായി വ്യവസായ മന്ത്രി.പി.രാജീവ്. കുന്നുകര പഞ്ചായത്തിൽ 29 ഉപകരണങ്ങൾ കൂടിയാണ് നൽകാനുള്ളത്. അടുത്തയാഴ്ചയോടെ അത് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരി മണ്ഡലത്തിൽ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിദ്യാലയങ്ങളെയും അനുമോദിക്കുന്ന ആകാശ മിഠായി പരിപാടി കുന്നുകരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിൽ ഡിജിറ്റൽ ലൈബ്രറി പദ്ധതി വഴിയാണ് ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ഉടമസ്ഥാവകാശം സ്കൂളിനും ഉപയോഗ അവകാശം വിദ്യാർത്ഥികൾക്കും എന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കിയത്. പഠനോപകരണങ്ങൾ ഇല്ലെന്ന് അധ്യാപകർ സാക്ഷ്യപ്പെടുത്തിയ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ കൈമാറിയതായും അദ്ദേഹം പറഞ്ഞു.

കുന്നുകര പഞ്ചായത്തിലെ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങൾക്കും അനുമോദന ട്രോഫികൾ ചടങ്ങിൽ കൈമാറി. കുന്നുകര അഹാന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് സൈന ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് അബ്ദുൾ ജബ്ബാർ , ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.കാസിം, പഞ്ചായത്തംഗം കെ.വി.മനോഹരൻ, പഞ്ചായത്ത് സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ എന്നിവർ പ്രസംഗിച്ചു.

കരുമാല്ലൂർ പഞ്ചായത്തിലെ ആകാശമിഠായി പരിപാടി തട്ടാം പടി എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി ജില്ലാ പഞ്ചായത്ത് അംഗം കെ വി രവീന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി പി അനിൽകുമാർ,സ്മിത ഹസീബ് പഞ്ചായത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.