ഭിന്നശേഷിക്കാരുടേയും രക്ഷകര്‍ത്താക്കളുടേയും സംരക്ഷണത്തിനായി സര്‍ക്കാര്‍ കൂടെയുണ്ടാവുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സാമൂഹ്യനീതി വകുപ്പിന്റെ ‘സഹജീവനം’പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളില്‍ ഒരുക്കുന്ന ഹെല്‍പ് ഡെസ്‌ക്കിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. പ്രകൃതി ദുരന്തങ്ങളുടേയും മഹാമാരിയുടേയും പ്രയാസഘട്ടങ്ങളില്‍ നാട്ടിലെ സൂക്ഷ്മ ജീവിയെപോലും സംരക്ഷിക്കേണ്ടത് ഉത്തരവാദിത്തമായി ഏറ്റെടുത്ത് പദ്ധതികള്‍ ആസൂത്രണം ചെയ്ത് വരുന്ന സംസ്ഥാന സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടേയും അവരുടെ രക്ഷകര്‍ത്താക്കളുടേയും സംരക്ഷണത്തിനായി വിഭാവനം ചെയ്ത പദ്ധതിയാണ് സഹജീവനമെന്ന് മന്ത്രി പറഞ്ഞു.

സമൂഹത്തിലെ ഭിന്നശേഷി വിഭാഗത്തെ സര്‍വ്വതല സ്പര്‍ശിയായ സംരക്ഷണത്തിലൂടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന ശ്രദ്ധേയമായ പരിപാടിയാണിത്. പല കാരണങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന ഭിന്നശേഷിക്കാര്‍ കോവിഡ് കാലത്ത് കൂടുതല്‍ പ്രയാസത്തിലായി. അവര്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയങ്ങളും മറ്റു സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. അതിനാല്‍ തന്നെ വീട്ടിലകപ്പെട്ട ഇവര്‍ക്ക് മാനസികവും വൈകാരികവുമായ പുതിയ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നു. ഇതിനുള്ള പരിഹാരമായിരിക്കും ഹെല്‍പ് ഡെസ്‌ക്.

ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്സ് സ്‌കൂളുകള്‍, വൊക്കേഷണല്‍ ട്രെയ്‌നിങ് സെന്ററുകള്‍, ബ്ലോക്ക് റിസോഴ്‌സ് സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ചും സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഈ കേന്ദ്രവുമായി ബന്ധപ്പെടുന്നവരുടെ ആവശ്യങ്ങളില്‍ ഉടന്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ പദ്ധതിയുടെ ഭാഗമായി വളണ്ടിയര്‍മാര്‍ ഉണ്ടാകും. ഇവര്‍ ഭിന്നശേഷിക്കാരെയും അവരുടെ രക്ഷിതാക്കളെയും ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും ഇവ ക്രോഡീകരിച്ച് ആവശ്യമായ സഹായം ലഭ്യമാക്കുകയും ചെയ്യും.

കൗണ്‍സിലിങ്, ഡോക്ടര്‍മാരുടെ സേവനം എന്നിവയും ആവശ്യാനുസൃതം ഉറപ്പാക്കും. കുടുംബാംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പാക്കും. ഇത്തരം ഇടപെടലുകളിലൂടെ ലഭ്യമാകുന്ന വിവരങ്ങളെ ശ്രേണിബന്ധിതമായി ഏകോപിപ്പിച്ച് നിരീക്ഷിക്കുകയും അവശ്യം വേണ്ട ഇടപെടല്‍ നടത്തുകയും ചെയ്യും. ഭിന്നശേഷിക്കാരുടെ സംരക്ഷണം അവരുടെ രക്ഷകര്‍ത്താക്കളുടെയും കുടുംബാംഗങ്ങളുടെയും മാത്രം ഉത്തരവാദിത്തമല്ലെന്ന് തിരിച്ചറിയുന്ന സമൂഹമാണ് അനുഗ്രഹീത ജനതയെന്നും അങ്ങനെയുള്ള ഭരണകൂടമാണ് നമ്മുടേതെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാര്‍ക്കും കുടുംബങ്ങള്‍ക്കും ആരോഗ്യ കേന്ദ്രങ്ങളില്‍ ആനുകൂല്യവും സൗകര്യങ്ങളും ഉറപ്പാക്കുന്ന പ്രവിലേജ് കാര്‍ഡിന്റെ ലോഞ്ചിങ് മന്ത്രി ചടങ്ങില്‍ നിര്‍വ്വഹിച്ചു. ‘ഉണര്‍വ്’ ഭിന്നശേഷി കലോത്സവ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.

ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി അധ്യക്ഷനായി. എല്‍.എല്‍.സി കണ്‍വീനര്‍ പി.സിക്കന്തര്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്റഫ് കാവില്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കവിത പി.സി, സ്പെഷ്യല്‍ സ്‌കൂള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഭാകരന്‍, ഡിഎംഎച്ച്പി പ്രതിനിധി രമ്യ രാജീവ്, കോഴിക്കോട് പരിവാര്‍ സെക്രട്ടറി തെക്കയില്‍ രാജന്‍, കേരള വികലാഗ സംയുക്ത സമിതി സംസ്ഥാന പ്രസിഡന്റ് ബാലന്‍ കാട്ടുങ്ങല്‍, കേരള വികലാംഗര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സൈനുദ്ദീന്‍ മടവൂര്‍, മലബാര്‍ അസോസിയേഷന്‍ ഓഫ് ദി ഡഫ് പ്രസിഡന്റ് ജയന്ത് കുമാര്‍, ഓള്‍ കേരള പാരന്റ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അശോകന്‍ അക്പാഹി തുടങ്ങിയവര്‍ പങ്കെടുത്തു.