ജില്ലയിലെ സ്‌കൂള്‍ പരിസരങ്ങളില്‍ നിരീക്ഷണം ശക്തമാക്കി പോലീസ്. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിന് ജില്ലയിലെ പൊലീസ് സേന രംഗത്തെത്തിയത്. രാവിലെയും വൈകുന്നേരവും ജില്ലയിലെ എല്ലാ സ്‌കൂള്‍ പരിസരത്തും പോലീസുകാര്‍ ഇപ്പോള്‍ ഡ്യൂട്ടിയിലുണ്ട്.  സ്‌കൂളിന് സമീപത്തെ ട്രാഫിക് നിയന്ത്രണം, സുരക്ഷിതമായി വിദ്യാര്‍ത്ഥികളെ റോഡ് മുറിച്ച് കടത്തല്‍ തുടങ്ങി പൂവാല ശല്യം ഒഴിവാക്കുക, ലഹരി വ്യാപനം കുറയ്ക്കുക, സ്‌കൂള്‍ പരിസരങ്ങളിലുണ്ടാകുന്ന സാമൂഹ്യവിരുദ്ധ ശല്യം ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അധ്യയന ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും എല്ലാ പ്രധാന സ്‌കൂളുകളുടെയും പരിസരങ്ങളില്‍ പോലീസിന്റെ സാന്നിധ്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതുമൂലം പൂവാലശല്യം, ലഹരിഉത്പന്നങ്ങളുടെ വിപണനം എന്നിവയ്ക്ക് സ്‌കൂള്‍ പരിസരങ്ങളില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.
കുട്ടികളെ സ്‌കൂളിലേക്കെത്തിക്കുന്ന വാഹനങ്ങളുടെ സുരക്ഷിതത്വവും ഡ്യൂട്ടിയിലു ള്ള പോലീസുകാര്‍ നിരീക്ഷിക്കുന്നുണ്ട്. സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും വിധത്തില്‍ ശല്യമുണ്ടായാല്‍ ഉടന്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ കണ്‍ട്രോള്‍ റൂമുകളില്‍ വിവരം അറിയിക്കും. വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാരെ പ്രത്യേകമായി നിരീക്ഷിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുകയോ, മദ്യപിച്ച് വാഹനമോടിക്കുകയോ, കണ്‍സഷനുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് നല്‍കാതെ നിര്‍ത്തി യാത്ര ചെയ്യിപ്പിക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കും. സ്‌കൂള്‍ പരിസരത്ത് മദ്യപിച്ചെത്തുന്നവര്‍ക്കെതിരേയും, ലഹരിവസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കും. അകാരണമായി സ്‌കൂള്‍ പരിസരത്ത് കറങ്ങി നടക്കുന്നവരും ഇനി പോലീസിന്റെ പിടിയിലാകും.
സ്‌കൂളില്‍ കയറാതെ  പാര്‍ക്കുകളിലും തിയറ്ററുകളിലും കറങ്ങിനടക്കുന്ന വിദ്യാര്‍ ഥികളും ഇനി പോലീസിന്റെ വലയില്‍ കുടുങ്ങും. ഇത്തരത്തില്‍ യൂണിഫോമുകളിലോ അല്ലാതെയോ വിദ്യാര്‍ഥികളെ കണ്ടാല്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് ബന്ധപ്പെട്ട    സ്‌കൂളുകളിലും രക്ഷിതാക്കളെയും  അറിയിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളില്‍ പോകാതെ കറങ്ങി നടന്ന് ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെടുകയും പ്രണയചതിക്കുഴികളില്‍ വീഴുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ജില്ലയില്‍ കൂടിയ സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതിയുമായി ജില്ലയിലെ പൊലീസ്   രംഗത്തിറങ്ങിയിട്ടുള്ളത്. സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം മുന്നില്‍ കണ്ട്     {പവര്‍ത്തിക്കുന്ന പിങ്ക് പൊലീസിന്റെ സഹായവും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്‌സ്, എന്‍സിസി എന്നീ വിഭാഗങ്ങളുടെ സഹകരണവും പദ്ധതി നടത്തിപ്പില്‍ പൊലീസി\് സഹായമാകുന്നുണ്ട്.