മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 സെപ്തംബര്‍ 26) 1,211 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 14 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,328 പേര്‍ ഞായറാഴ്ച മാത്രം വിദഗ്ധ പരിചരണത്തിനു ശേഷം വൈറസ് വിമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 5,28,051 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായ 1,173 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഒന്‍പത് പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 28 പേര്‍ക്കും കോവിഡ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 46,371 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

15,888 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 732 പേര്‍ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിലും 237 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും 105 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 62 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.