കാസർഗോഡ്: പോലീസ് സ്റ്റേഷനുകളിലേക്ക് പരാതികളുമായി എത്തുന്നവര്‍ക്ക് അല്‍പനേരം വിശ്രമിക്കാനൊരിടം. കാസര്‍കോട് ഡിവൈ.എസ്.പി ഓഫീസുള്‍പ്പെടെ അഞ്ചിടത്ത് സന്ദര്‍ശക മുറികളും തുറന്നു. സൗന്ദര്യവത്കരണത്തിലൂടെ രണ്ട് പോലീസ് സ്റ്റേഷനുകള്‍ പുത്തന്‍ കെട്ടിടങ്ങളായി.

ജില്ലയില്‍ കാസര്‍കോട്, ചീമേനി, ബദിയടുക്ക, വിദ്യാനഗര്‍ പോലീസ് സ്റ്റേഷനുകളിലും കാസര്‍കോട് ഡിവൈ.എസ്.പി ഓഫീസിലുമായാണ് സന്ദര്‍ശക മുറി തുറന്നത്. നവീകരിച്ച കാസര്‍കോട്, ചീമേനി പോലീസ് സ്റ്റേഷനുകളും തുറന്നു കൊടുത്തു.
കാസര്‍കോട് പോലീസ് സ്റ്റേഷന്റെ നവീകരിച്ച കെട്ടിടത്തിന്റെ ശിലാഫലകം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അനാച്ഛാദനം ചെയ്തു. സന്ദര്‍ശക മുറിയും എം.എല്‍.എ തുറന്നു കൊടുത്തു. ഭയം കൂടാതെ ജനങ്ങള്‍ക്ക് കടന്നു ചെല്ലാവുന്ന തരത്തില്‍ സ്റ്റേഷനുകളുടെ മുഖം മാറിയെന്ന് എം.എല്‍.എ പറഞ്ഞു. വില്ലേജ് ഓഫീസുകള്‍ കഴിഞ്ഞാല്‍ പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ സമീപിക്കുന്നത് പോലീസ് സ്റ്റേഷനുകളെയാണ്.

സാധാരണക്കാരന്‍ എത്തുമ്പോള്‍ നല്ല പ്രതികരണം പോലീസ് സ്റ്റേഷനുകളില്‍ നിന്നും ലഭിക്കണമെന്നും ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധം വിപുലപ്പെടുണമെന്നും എം.എല്‍.എ പറഞ്ഞു. പോലീസ് സ്റ്റേഷനിലേക്ക് എം.എല്‍.എ പള്‍സ് ഓക്‌സീമീറ്റര്‍ കൈമാറി. ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ്, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍, മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സമീറ, വാര്‍ഡ് കൗണ്‍സിലര്‍ വീണ അരുണ്‍ ഷെട്ടി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പി.പി.മഹേഷ്, പോലീസ് അസോസിയേഷന്‍ സെക്രട്ടറി പ്രദീപന്‍ ഇ.വി എന്നിവര്‍ സംസാരിച്ചു.

കാസര്‍കോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ സ്വാഗതവും ഇന്‍സ്‌പെക്ടര്‍ പി.അജിത് കുമാര്‍ നന്ദിയും പറഞ്ഞു. ചീമേനി പോലീസ് സ്റ്റേഷന്റെ നവീകരിച്ച കെട്ടിടത്തിന്റെ ശിലാഫലകം എം.രാജഗോപാലന്‍ എം.എല്‍.എ അനാച്ഛാദനം ചെയ്തു. ഏത് പ്രതികൂല സാഹചര്യത്തിലും ജനങ്ങളോടൊപ്പം നിന്ന് അവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്താനും ക്രമസമാധാനം ഉറപ്പു വരുത്താനും പോലീസ് സേന മുന്‍പിലുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. ദുരന്ത മുഖങ്ങളില്‍ കേരളത്തിലെ പോലീസിന്റെ കാര്യക്ഷമത ജനങ്ങള്‍ നേരിട്ട് അനുഭവിച്ചതാണ്. സമര്‍പ്പണ ബോധത്തോടെയാണ് കോവിഡ് കാലത്തുള്‍പ്പെടെ പോലീസുകാര്‍ സേവനം ചെയ്തത്.

സ്വന്തം കുടുംബത്തിനപ്പുറം നാടിന്റെ രക്ഷക്കായി നിലനില്‍ക്കുന്നവരാണ് പോലീസ് സേനയിലുള്ളതെന്നും എം.എല്‍.എ പറഞ്ഞു. കയ്യൂര്‍-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വത്സലന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള, പഞ്ചായത്തംഗം കെ.ടി.ലത തുടങ്ങിയവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്‍ സ്വാഗതവും ഇന്‍സ്‌പെക്ടര്‍ പി.നാരായണന്‍ നന്ദിയും പറഞ്ഞു.

ബദിയഡുക്ക പോലീസ് സ്റ്റേഷനിലെ സന്ദര്‍ശക മുറി പഞ്ചായത്ത് പ്രസിഡന്റ് ബി ശാന്ത ഉദ്ഘാടനം ചെയ്തു. ബദിയഡുക്ക സ്ബ് ഇന്‍സ്‌പെക്ടര്‍ കെ പി വിനോദ് അധ്യക്ഷത വഹിച്ചു. ബദിയഡുക്ക പഞ്ചായത്ത് വൈസ്് പ്രസിഡന്റ് അബ്ബാസ്, പഞ്ചായത്ത് മെമ്പര്‍ കെ റഷീദ, മുന്‍ മെമ്പര്‍ അവിനാശ് തുടങ്ങിയവര്‍ സംസാരിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ അശ്വിത് കരണ്‍മയില്‍ സ്വാഗതവും, അസിസ്റ്റന്റ് പി ആര്‍ ഓ ജോതി ലക്ഷ്മി നന്ദിയും പറഞ്ഞു.