കാസർഗോഡ്: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാപ്പില്‍ പ്രവര്‍ത്തിച്ചുവന്ന 73ാം നമ്പര്‍ റേഷന്‍ കട വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ ഇടയിലക്കാട്ടിലേക്ക് മാറ്റിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. രണ്ട് സ്ഥലങ്ങളിലെയും ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് രണ്ടിടത്തും റേഷന്‍ കടകള്‍ തുറക്കാനാണ് തീരുമാനം. വെള്ളാപ്പിലുള്ള റേഷന്‍ കട അവിടെ തുടരും.

വലിയപറമ്പിലെ ഇടയിലക്കാട്ട് ഒരു മാസത്തിനകം പുതിയ റേഷന്‍ കട തുറക്കാനുമാണ് എം.രാജഗോപാലന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിൻ്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചത്. ഇടയിലക്കാട്ടെ പുതിയ കടക്കുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

നേരത്തെ റേഷന്‍ കടമാറ്റിയതിനെ തുടര്‍ന്ന് പ്രാദേശികമായി പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്ന സമയത്ത് തന്നെ എം.രാജഗോപാലന്‍ എം.എല്‍.എ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയെയും സിവില്‍ സ്‌പ്ലൈസ് ഡയരക്ടറെയും നേരിട്ട് കണ്ട് വിഷയം ബോധ്യപ്പെടുത്തിയിരുന്നു. ശനിയാഴ്ച ജില്ലാ കളക്ടര്‍ വെള്ളാപ്പിലും ഇടയിലക്കാട്ടുമെത്തി ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും അഭിപ്രായങ്ങള്‍ കേട്ടിരുന്നു. തുടര്‍ന്നാണ് ഞായറാഴ്ച തുടര്‍നടപടികള്‍ക്കായി യോഗം ചേര്‍ന്നത്.

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട്, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എസ്.നജീബ്, വി.പി.പി.ഷുഹൈബ്, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.പി. അനില്‍കുമാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍. ബിന്ദു, റേഷനിങ് ഇന്‍സ്‌പെക്ടര്‍ സി.അജിത എന്നിവരും യോഗത്തില്‍ പങ്കെടുത്തു.