കല്‍പ്പറ്റ: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കേരളം മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. എ.ഡി.എം കെ.എം രാജുവിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ സംഘടിപ്പിച്ച ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളില്‍ ഹരിത കേരളം മിഷനിലൂടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും അതിനായി ജില്ലാ പഞ്ചായത്തിന്റെ എല്ലാ പിന്തുണയുമുണ്ടാവുമെന്നും അവര്‍ പറഞ്ഞു. തുടര്‍ പദ്ധതികളുടെ നടത്തിപ്പ് കേന്ദ്രങ്ങളാണ് തദ്ദേശ സ്ഥാപനങ്ങളെന്നും എന്നാല്‍ പദ്ധതികളുടെ നിര്‍വഹണത്തിനായി വിവിധ വകുപ്പുകളുടെയും പദ്ധതികളുടെയും ഏകോപനം അത്യാവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജും ജെ.പി.സിയുമായ പി.ജി വിജയകുമാര്‍ പറഞ്ഞു. ഹരിത കേരളം പദ്ധതികളുടെ നിര്‍വഹണത്തില്‍ ഏകോപനമുണ്ടാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ശില്പശാല സംഘടിപ്പിച്ചതെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ചാര്‍ജ് സുഭദ്രാ നായര്‍ പറഞ്ഞു. നിര്‍വഹണത്തില്‍ തടസങ്ങള്‍ നേരിടുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് മുകള്‍ത്തട്ടിലറിയിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ തേടണമെന്നും അവര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹരിത കേരളം മിഷന്‍ പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തുമ്പോള്‍, പദ്ധതി നടത്തിപ്പില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സമീപനത്തില്‍ മാറ്റം വേണമെന്ന സൂചനയാണ് നല്‍കുന്നതെന്ന് എ.ഡി.സി പി.സി മജീദ് അഭിപ്രായപ്പെട്ടു. സമീപകാലത്തായി ജില്ലയില്‍ നെല്ല് കൃഷി കുറഞ്ഞു വരുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും പദ്ധതിയിലൂടെ നെല്ല് കൃഷിക്കായി പ്രത്യേകം സോണലുകള്‍ ഉണ്ടാക്കണമെന്നും വാട്ടര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഭാഷ് ബാബു ആവശ്യപ്പെട്ടു. ഹരിത കേരളം പദ്ധതിയുടെ തുടക്കത്തില്‍ മുന്നിലുണ്ടായിരുന്ന വയനാട് ഇന്ന് ഏറെ പിറകില്‍ പോയതായി ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എ ജസ്റ്റിന്‍ സൂചിപ്പിച്ചു. കണിയാമ്പറ്റ, നുല്‍പ്പുഴ, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളില്‍ ഇതുവരെ ഹരിത കര്‍മ്മസേന രൂപികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍ സ്വാഗതവും ജില്ലാ പ്ലാനിംഗ് ഓഫീസ്, റിസര്‍ച്ച് ഓഫീസര്‍ കെ.എസ് ശ്രീജിത്ത് നന്ദിയും പറഞ്ഞു. ജലസംരക്ഷണം, ശുചിത്വ മാലിന്യ സംസ്‌കരണം, കൃഷി, ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്തുകളില്‍ അസി. സെക്രട്ടറി, ഹെഡ് ക്ലര്‍ക്ക് – മുനിസിപ്പാലിറ്റികളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ – ബ്ലോക്കുകളില്‍ ജനറല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍മാര്‍ എന്നിവരെയാണ് ഹരിത കേരളം മിഷന്‍ കോര്‍ഡിനേറ്റര്‍മാരായി സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത്. സെക്രട്ടറിമാര്‍ക്ക് കണ്‍വീനര്‍മാരുടെ ചുമതലയും നല്‍കിയിട്ടുണ്ട്.