പുതുതായി നിര്‍മിക്കുന്ന കോഴഞ്ചേരി പാലത്തിന്  മുന്‍തിരുകൊച്ചി മുഖ്യമന്ത്രിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ സി കേശവന്റെ പേര് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പാലത്തിന്റെ നിര്‍മാണോദ്ഘാടനം കോഴഞ്ചേരി വഞ്ചിപ്പേട്ടയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സി കേശവന്റെ പേര് നല്‍കുന്ന കാര്യം എംപിയോടും എംഎല്‍എയോടും ചര്‍ച്ച ചെയ്തിരുന്നു.  സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തത്വത്തില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പഴയ പാലം സംരക്ഷിച്ച് നിലനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
നിര്‍മാണത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. സര്‍ക്കാരിന്റെ സത്‌പേരിന് കളങ്കം വരുത്തുന്ന നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ഗുണമേന്‍മയില്‍ കൃത്യത ഉറപ്പു വരുത്തകയും ചെയ്യണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. കേരളത്തില്‍ ഗുണപരമായ നിര്‍മാണ സംസ്‌കാരം ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ടെന്നും ഇത് വികസനത്തിന് ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കോഴഞ്ചേരി പാലം യാഥാര്‍ഥ്യമാകുന്നതോടെ മാരാമണ്‍, ചെറുകോല്‍പ്പുഴ കണ്‍വന്‍ഷനുകള്‍ പോലുള്ള വലിയ തിരക്കുള്ള സമയങ്ങളില്‍ പോലും കോഴഞ്ചേരിയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകില്ല. ജനങ്ങളുടെ ചിരകാല ആവശ്യമാണ് ഈ പുതിയ പാലത്തിലൂടെ യാഥാര്‍ഥ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.
വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ള ആറന്‍മുള നിയോജക മണ്ഡലത്തില്‍ മാത്രം 300 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു തന്നുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ വികസന ആഭിമുഖ്യമാണ് ഇത് വെളിവാക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.
ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ബി സത്യന്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ മാത്യുസ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം കൃഷ്ണകുമാര്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്തംഗം പ്രകാശ് കുമാര്‍, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തംഗം ഗോപാലകൃഷ്ണന്‍ നായര്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ വി.വി.ബിനു, സൂപ്രണ്ടിങ് എന്‍ജിനിയര്‍ വിശ്വപ്രകാശ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍ അനില്‍കുമാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തിരുവല്ല- കുമ്പഴ സംസ്ഥാന പാതയില്‍ പമ്പയാറിന് കുറുകെയാണ് പാലം നിര്‍മിക്കുന്നത്. ആകെ 207.2 നീളവും 12  മീറ്റര്‍ വീതിയും ഉള്ള പാലത്തിന് ഇരു വശങ്ങളിലും നടപ്പാതയും ഉണ്ടായിരിക്കും. 7.5 മീറ്റ ര്‍ കാര്യേജ് വേയും ഇരുവശങ്ങളിലും 1.125 മീറ്റ ര്‍ വീതിയുമുള്ള നടപ്പാതയുമടക്കമാണ് 12 മീറ്റര്‍ വീതി. കൂടാതെ തോട്ടപ്പുഴശ്ശേരി ഭാഗത്ത് 344 മീറ്റര്‍ നീളത്തിലും കോഴഞ്ചേരി ഭാഗത്ത് 90 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡ് നിര്‍മിക്കും. കിഫ്ബിയില്‍പ്പെടുത്തിയാണ് പാലത്തിന്റെ നിര്‍മാണത്തിന് 19.77 കോടി സംസ്ഥാന         സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. നിലവിലുള്ള കോഴഞ്ചേരി പാലത്തിന്റെ അതേ മാതൃകയിലാണ് പുതിയ പാലവുംനിര്‍മിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബിഎം ആന്‍ഡ് ബിസി വര്‍ക്കും സംരക്ഷണ ഭിത്തിയും ഉള്‍പ്പെടുത്തിയാണ് പാലത്തിന്റെ സമീപ പാത വിഭാവനം ചെയ്തിട്ടുള്ളത്. രണ്ട് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കും.