മാനന്തവാടി: അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളുമായി മാനന്തവാടി ജില്ലാജയില്‍. പുതുതായി നിര്‍മ്മിക്കുന്ന സൂപ്രണ്ട്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍, സ്റ്റാഫ് റസ്റ്റ് റൂം എന്നിവയുടെ ശിലാസ്ഥാപനവും വനിതാ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനവും ഈ മാസം 11ന് രാവിലെ പത്തിന് ഒ.ആര്‍ കേളു എം.എല്‍.എ. നിര്‍വ്വഹിക്കും. ജയിലിലെ അന്തേവാസികള്‍ തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച വിവിധ ഉല്പന്നങ്ങളുടെ വിതരണോദ്ഘാടനം മാനന്തവാടി നഗരസഭ അദ്ധ്യക്ഷന്‍ വി.ആര്‍. പ്രവീജ് നിര്‍വ്വഹിക്കും. തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ അന്തേവാസികള്‍ക്ക് മീനങ്ങാടി സര്‍ക്കാര്‍ പോളിടെക്‌നിക്കിന്റെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ നിന്നും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം ഉത്തരമേഖല ജയില്‍ ഡി.ഐ.ജി. എസ്. സന്തോഷും ജയിലിലെ ജീവനക്കാര്‍ക്കുവേണ്ടി രൂപീകരിച്ച സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ഉദ്ഘാടനം മാനന്തവാടി നഗരസഭ ഉപാദ്ധ്യക്ഷ പ്രതിഭാ ശശിയും നിര്‍വ്വഹിക്കും. ജില്ലാ ജയില്‍ സൂപ്രണ്ട് എസ്. സജീവ്, മുഹമ്മദ് ഇസ്ഹാഖ്, ശോഭാ രാജന്‍, കെ.വി. മുകേഷ്, സി.എം. പോള്‍, ബിനോദ് ജോര്‍ജ്, ഫാ. പോള്‍ കൂട്ടാല തുടങ്ങിയവര്‍ പങ്കെടുക്കും.