– ഫാർമസി കോളജ് ഡിസംബറിൽ പൂർത്തീകരിക്കും
– സർജിക്കൽ ബ്ലോക്ക്: കിഫ്ബി ഉന്നത ഉദ്യോഗസ്ഥതല യോഗം വിളിക്കും
– സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്, ടെറിറ്ററി കാൻസർ സെന്റർ,
ഇൻഫക്ഷൻ ഡിസീസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ നിർമാണം ഉടൻ ആരംഭിക്കും

കോട്ടയം: മെഡിക്കൽ കോളജിൽ നടപ്പാക്കുന്ന നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മന്ത്രിമാരായ വി.എൻ. വാസവൻ, വീണാ ജോർജ്ജ് എന്നിവർ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.
കോട്ടയം മെഡിക്കൽ കോളജിലെ വിവിധ പദ്ധതികളുടെ നിർവഹണ പുരോഗതി അവലോകനം ചെയ്യുന്നതിന് ചേർന്ന യോഗത്തിലാണ് മന്ത്രിമാർ നിർദേശം നൽകിയത്.

നിർമാണ ഘട്ടത്തിലുള്ള പദ്ധതികളുടെ പുരോഗതി മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ വിശദീകരിച്ചു. 2019 ൽ നിർമ്മാണം ആരംഭിച്ച ഫാർമസി കോളജിന്റെ നിർമാണം വേഗത്തിൽ പൂർത്തീകരിച്ച് ഡിസംബറിൽ ഉദ്ഘാടനത്തിന് സജ്ജമാക്കും. 16.6 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്.
കിഫ്ബി പദ്ധതിയിൽ 136 കോടിയുടെ നിർമാണം നടക്കുന്ന സർജിക്കൽ ബ്ലോക്കിന്റെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് കിഫ്ബിയുടെ ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
അഞ്ചു നിലകളിലായി പണിയുന്ന കാർഡിയോളജി ബ്ലോക്കിന്റെ നിർമാണം പുരോഗമിക്കുകയാണ്. നബാർഡിൽ നിന്ന് 36 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുളളത്.

സർജിക്കൽ സ്റ്റോർ (മൂന്നു കോടി), പാരാ മെഡിക്കൽ ഹോസ്റ്റൽ ( ആറു കോടി) എന്നിവയാണ് നിലവിൽ നിർമാണം നടക്കുന്ന മറ്റ് പദ്ധതികൾ. 564 കോടി രൂപയുടെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്, 11.50 കോടി രൂപയുടെ ടെറിറ്ററി കാൻസർ സെന്റർ,
1.26 കോടി രൂപയുടെ ഇൻഫക്ഷൻ ഡിസീസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ നിർമാണം ഉടൻ ആരംഭിക്കും. അമ്മയും കുഞ്ഞും ആശുപത്രി നിർമാണത്തിനായി പൊതുമരാമത്ത് വകുപ്പ് 83 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി നൽകിയിട്ടുണ്ട്. ട്രോമ കെയർ സെന്ററിന്റെ പദ്ധതി റിപ്പോർട്ട് തയാറാക്കൽ ആരംഭഘട്ടത്തിലാണ്.

തോമസ് ചാഴികാടൻ എം.പി, ജില്ലാ പോലീസ് മേധാവി ഡി. ശിൽപ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലബീവി, എ.ഡി.എം. ജിനു പുന്നൂസ്, പൊതുമരാമത്ത് വകുപ്പ് എക്്‌സിക്യൂട്ടീവ് എൻജിനീയർ അനിത മാത്യു, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.പി. ജയകുമാർ, ഗവൺമെന്റ് ദന്തൽ കോളജ് പ്രിൻസിപ്പൽ ഡോ.വി.ടി. ബീന, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, നഴ്‌സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. വി.കെ. ഉഷ, ഫാർമസി കോളജ് മേധാവി ഡോ. പി.കെ വത്സല കുമാരി, മെഡിക്കൽ കോളജ് നഴ്‌സിംഗ് ഓഫീസർ വി.ആർ. സുജാത, ആർ.എം.ഒ. ഡോ. ആർ.പി. രഞ്ജിൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.