സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ വികസനവും ദേവസ്വവും പാര്‍ലമെന്ററി കാര്യവും വകുപ്പ് മന്ത്രി. കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ പട്ടിക വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി നവീനവും കാലാനുസൃതവുമായ വായ്പാ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് വ്യക്തമായ ദിശാബോധത്തോടെ മുന്നേറുന്ന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനത്തെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന വെബ്‌സൈറ്റ് ഈ ജനവിഭാഗത്തില്‍ നിന്നുള്ള സംരംഭകര്‍ക്കും സാധാരണക്കാര്‍ക്കും തൊഴില്‍ രഹിതര്‍ക്കും മറ്റുള്ളവര്‍ക്കും തികച്ചും ഉപകാരപ്രദമാണ്. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവിധ വരുമാനദായക പദ്ധതികള്‍, സാമൂഹ്യക്ഷേമ പദ്ധതികള്‍, ദേശീയ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പദ്ധതികള്‍, അപേക്ഷകര്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍, വായ്പാ നിബന്ധനകള്‍, അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍, പുതുതായി വിഭാവനം ചെയ്യുന്ന വായ്പകള്‍ എന്നിവയെപ്പറ്റി വെബ്‌സൈറ്റില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. വായ്പാ വിതരണത്തിലും വായ്പാ തിരിച്ചടവിലും കോര്‍പ്പറേഷന്‍ കൈവരിച്ച ചരിത്രപരമായ നേട്ടങ്ങള്‍, ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ പുതിയ പദ്ധതികള്‍, സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ ജനസംഖ്യ, ജില്ലാ കാര്യാലയങ്ങളുടെ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയും വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിവിധ വായ്പാ പദ്ധതികള്‍ക്ക് ബാധകമായ അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്. മുന്‍വര്‍ഷങ്ങളിലെ പ്രധാന സംഭവങ്ങളെക്കുറിച്ചുള്ള ഫോട്ടോകള്‍ എന്നിവയുള്ള വെബ്‌സൈറ്റിലൂടെ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി അറിയാം.
