മലപ്പുറം: ജില്ലയില്‍ വിവിധ വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ജനപ്രതിനിധികളുടെ ഇടപെടലും പ്രവര്‍ത്തനങ്ങളും അഭിനന്ദാര്‍ഹമാണെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മറ്റി (ദിശ) യുടെ 2021-22 വര്‍ഷത്തെ രണ്ടാം പാദ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതിനായുള്ള മാനദണ്ഡങ്ങളില്‍ കേരളത്തിന്റെ ഭൂപ്രകൃതിക്കും ജനസാന്ദ്രതയ്ക്കും അനുയോജ്യമായ രീതിയില്‍ മാറ്റമുണ്ടാകണമെന്നും എം.പി പറഞ്ഞു. ലോക്ക്ഡൗണ്‍ ഇളവുകളുടെ സാഹചര്യത്തില്‍ വിവിധ പദ്ധതി നിര്‍ഹണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടപ്പിലാക്കി കൂടുതല്‍ കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിനായി തദ്ദേശ സ്ഥാപന പ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റ മനസായി പ്രവര്‍ത്തിക്കണം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിന് ജനപ്രതിനിധികളും നിര്‍വഹണ ഉദേ്യാഗസ്ഥരും ശ്രദ്ധനല്‍കണമെന്നും എം.പി നിര്‍ദേശിച്ചു.

സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയില്‍ കേന്ദ്ര / സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ആദര്‍ശ് ഗ്രാമ പഞ്ചായത്തുകള്‍ക്ക് മുന്‍ഗണ നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും മുന്‍ഗണന നല്‍കുന്നത് സംബന്ധിച്ച് വിവിധ പദ്ധതി മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യം കേന്ദ്ര/സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍പെടുത്തി പദ്ധതി നിര്‍വഹണം സുതാര്യമാക്കണമെന്നും എം.പി. അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഗുണഭോക്തൃ പട്ടിക അന്തിമമാക്കി ആദ്യ രജിസ്‌ട്രേഷന്‍ നടത്തി പദ്ധതി നിര്‍വഹണത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് മലപ്പുറം ജില്ല കാഴ്ചവെച്ചതെന്ന് എം.പി. അബ്ദുസമദ് സമദാനി.എം.പി അഭിപ്രായപ്പെട്ടു. ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ ഭാഗമായി നിലവിലെ കോവിഡ് സാഹചര്യത്തില്‍ ട്രൈബല്‍ കോളനികളില്‍ ടെലിമെഡിസിന്‍ പദ്ധതി കാര്യക്ഷമമാക്കണമെന്ന് പി.വി.അബ്ദുള്‍വഹാബ് എം.പിയും അഭിപ്രായപ്പെട്ടു.

യോഗത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളായ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്, പി.എം.എ.വൈ, പി.എം.ജി.എസ്.വൈ, സ്വച്ഛ് ഭാരത് മിഷന്‍, ദേശീയ കുടുംബ സഹായനിധി, എ.ആര്‍.ഡബ്ല്യു.എസ്സ്.പി, ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി. എന്‍.എച്ച്.എം.പദ്ധതികള്‍, ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ ഐ.സി.ഡിഎസ്, പ്രധാനമന്ത്രി പരമ്പരാഗത കൃഷി വികാസ് യോജന, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന, സമഗ്ര ശിക്ഷാ അഭിയാന്‍ പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന, പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം, പ്രധാനമന്ത്രി ജന്‍ധന്‍ യോജന തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതികളും അവലോകനം ചെയ്തു.

യോഗത്തില്‍ എം.എല്‍.എമാരായ പി. ഉബൈദുള്ള, യു.എ.ലത്തീഫ്, കുറുക്കോളി മൊയ്തീന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.പി.എ.മജീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണന്‍, രാഹുല്‍ ഗാന്ധി എം.പിയുടെ പ്രതിനിധി മുഹമ്മദ് കുഞ്ഞി, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍മാര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍, ദിശ നോമിനേറ്റഡ് അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത്-നഗരസഭ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.