പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നജീബ് കാന്തപുരം എം.എല്‍.എ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തിയ ടാലന്റ് ഹണ്ട് പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. മെഡിക്കല്‍ വിഭാഗത്തില്‍ അരക്കുപറമ്പ് മഞ്ചീരിയില്‍ എം.ശ്രീതിക, എഞ്ചിനീയറിങ് വിഭാഗത്തില്‍ പെരിന്തല്‍മണ്ണ അരിമ്പ്രത്തൊടി മുഹമ്മദ് ഷനാത്ത് എന്നിവര്‍ ഒന്നാം റാങ്ക് നേടി. നജീബ് കാന്തപുരം എം.എല്‍.എയാണ് വിജയികളെ പ്രഖ്യാപിച്ചത്.

മെഡിക്കല്‍ വിഭാഗത്തില്‍ അമ്മിനിക്കാട് ആനിക്കാട്ടില്‍ കന്‍സ ഖാലിദ്, എഞ്ചിനീയറിങ് വിഭാഗത്തില്‍ അരക്കുപറമ്പ് കൂരിമണ്ണില്‍ ഇല്‍ഹാം മുസ്തഫ എന്നിവര്‍ക്കാണ് രണ്ടാം റാങ്ക്. താഴേക്കോട് ചെമ്മല മുഹമ്മദ് റിയാസ്, പെരിന്തല്‍മണ്ണ അരിമ്പ്രത്തൊടി സന ഹുസൈന്‍ എന്നിവര്‍ യഥാക്രമം മെഡിക്കല്‍, എഞ്ചിനീയറിങ് വിഭാഗങ്ങളില്‍ മൂന്നാം റാങ്ക് നേടി.

ഓഗസ്റ്റ് 15ന് താഴേക്കോട് പി.ടി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ടാലന്റ് ഹണ്ട് പരീക്ഷ നടത്തിയത്. നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള പ്ലസ്ടു പരീക്ഷയില്‍ 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു. റാങ്ക് നേടിയ വിദ്യാര്‍ഥികളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് എം.എല്‍.എ കെയര്‍ പദ്ധതിയുടെ ഭാഗമായുള്ള മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും എം.എഎല്‍.എ അറിയിച്ചു. റാങ്ക് നേടിയ കുട്ടികള്‍ക്ക് ക്രിയയുടെ ഭാഗമായി വിദഗ്ധ പരിശീലനവും ഉറപ്പാക്കും. വിവിധ തലങ്ങളിലായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഒരു മാസത്തിനകം ക്രിയയുടെ വിശദ പദ്ധതി രേഖ തയ്യാറാക്കാനാകും. വിദ്യാഭ്യാസ രംഗത്ത് കഴിവ് തെളിയിച്ചവരും സേവന തത്പരരുമായ ആയിരം വിദ്യാര്‍ഥികളെ അണി നിരത്തി തൗസന്‍ഡ് ബ്രിഗേഡിന് രൂപം നല്‍കും. ഇവര്‍ ഓരോരുത്തരുടെയും കീഴില്‍ മെന്ററിംഗില്‍ പത്ത് കുട്ടികള്‍ക്ക് വീതം പരിശീലനം നല്‍കും. പതിനായിരം വിദ്യാര്‍ഥികള്‍ക്ക് ക്രിയയുടെ പ്രയോജനം ലഭിക്കും. ബിരുദ തലത്തിലുള്ളവര്‍ക്കായി ഗ്രാജുവേറ്റ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കും. ക്രിയക്ക് കീഴിലായി തന്നെ ലിറ്ററേച്ചര്‍, ആര്‍ട്ട്, മ്യൂസിക്ക്, സ്പോര്‍ട്സ് തുടങ്ങി വിദ്യാര്‍ഥികളുടെ അഭിരുചികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ ക്ലബുകള്‍ സ്‌കൂളുകളിലും കോളജുകളിലും ആരംഭിക്കും. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനായി തൊഴില്‍ സംഗമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരീക്ഷ കണ്‍ട്രോളര്‍ ഡോ. എന്‍.സക്കീര്‍, കോര്‍ഡിനേറ്റര്‍ പി. സുബൈര്‍ എന്നിവര്‍ വിജയികളെ പ്രഖ്യാപിക്കുന്നപരിപാടിയില്‍ പങ്കെടുത്തു.