കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പും പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷി വിളവെടുപ്പ് നടത്തി. പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ മത്സ്യ കര്‍ഷകനായ ജമാല്‍ പരപ്പില്‍ അദ്ദേഹത്തിന്റെ ഭൂമിയില്‍ നിര്‍മിച്ച പടുതാ കുളത്തിലാണ് മത്സ്യകൃഷി വിളവെടുപ്പ് നടത്തിയത്. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷെഹീര്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
1000 ആസാംവാള മത്സ്യ വിത്താണ് കുളത്തില്‍ ഇറക്കിയിരുന്നത്. യൂണിറ്റ് കോസ്റ്റിന്റെ 40% തുക പഞ്ചായത്തും ഫിഷറീസ് വകുപ്പും ചേര്‍ന്ന് കര്‍ഷകന് സബ്‌സിഡി ആയി നല്‍കി. മത്സ്യകൃഷി രംഗത്തെ അനുഭവങ്ങള്‍ യോഗത്തില്‍ കര്‍ഷകന്‍ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഇ കെ നിഷാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അജിത ധര്‍മന്‍, ഫിഷറീസ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ശ്രുതി, പഞ്ചായത്ത് സ്റ്റാന്‍ഡിങ് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, മറ്റു ജനപ്രതിനിധികള്‍, ഫിഷറീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടോണി ജോസഫ്, കോര്‍ഡിനേറ്റര്‍ ഗീത തുടങ്ങിയവരും പങ്കെടുത്തു.