ജില്ലയില്‍ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളില്‍ നിന്നും സപ്ലൈകോ മുഖേന ഇതുവരെ സംഭരിച്ചത് 3,97,166 കിലോ നെല്ല്. സെപ്റ്റംബര്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. വടക്കഞ്ചേരി, ഒറ്റപ്പാലം, വല്ലപ്പുഴ, ചാലിശ്ശേരി, ലക്കിടി – പേരൂര്‍, കപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നെല്ല് സംഭരണം ആരംഭിച്ചതായി സപ്ലൈകോ അധികൃതര്‍ അറിയിച്ചു. കുത്തന്നൂര്‍, ആലത്തൂര്‍, മാത്തൂര്‍ തുടങ്ങി ജില്ലയിലെ മിക്കയിടങ്ങളിലും കൊയ്ത്താരംഭിച്ചിട്ടുണ്ട്. നെല്ലെടുക്കുന്നതിനായി 35 ഓളം മില്ലുകള്‍ ഇതുവരെ സപ്ലൈകോയുമായി കരാര്‍ ഒപ്പുവെച്ചു.

ഒന്നാംവിള നെല്ലുസംഭരണത്തിനായി ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 60, 820 കര്‍ഷകര്‍. ആലത്തൂര്‍ താലൂക്കില്‍ നിന്നാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 26,294 പേര്‍. ചിറ്റൂര്‍ 18,662, പാലക്കാട് 13,835, ഒറ്റപ്പാലം 14,22, പട്ടാമ്പി 597, മണ്ണാര്‍ക്കാട് 10 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കണക്കുകള്‍. ജില്ലയില്‍ കഴിഞ്ഞവര്‍ഷം ഒന്നാംവിള നെല്ലുസംഭരണത്തിനായി ആകെ രജിസ്റ്റര്‍ ചെയ്തത് 61, 385 കര്‍ഷകരാണ്. ഇപ്രാവശ്യം 65,000 മുകളില്‍ രജിട്രേഷന്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.