കണ്ണൂർ: ലോക പേവിഷബാധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ കെ നാരായണ നായ്ക് പരിപാടി ഉദ്ഘാടനം ചെയ്തു. റാബീസ്: വസ്തുതകള്‍ അറിയാം, ഭീതി ഒഴിവാക്കാം എന്നതാണ് ഈ വര്‍ഷത്തെ റാബിസ് ദിന സന്ദേശം. 2030 ഓടെ പേവിഷബാധ മൂലമുള്ള മരണം പൂര്‍ണ്ണമായും ഇല്ലാതാക്കുക, പേവിഷബാധയെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക. ലോകമെമ്പാടുമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

വളര്‍ത്തു പട്ടിയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിച്ചാലും മുറിവ് സാരമുള്ളതല്ലെങ്കിലും നിസാരമായി കാണാതെ കടിച്ച ഭാഗം സോപ്പുപയോഗിച്ച് നന്നായി തേച്ച് കഴുകണം. സോപ്പുപയോഗിച്ച് കഴുകിയാല്‍ 99 ശതമാനം അണുക്കളും ഇല്ലാതാകും. പട്ടി കടിച്ചാല്‍ എത്രയും വേഗം സര്‍ക്കാര്‍ ആശുപത്രിയിലെത്തി ചികിത്സ തേടണം. മുറിവിന്റെ തീവ്രതയനുസരിച്ച് ഐഡിആര്‍വി, ഇമ്മ്യൂണോഗ്ലോബുലിന്‍ എന്നീ ചികിത്സകള്‍ നല്‍കും. ഐഡിആര്‍വി ഇമ്മ്യൂണോഗ്ലോബുലിന്‍ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും തെരഞ്ഞെടുത്ത ജില്ലാ ആശുപത്രികളിലും ലഭിക്കും. പേവിഷബാധയുടെ ശാസ്ത്രീയ വസ്തുതകള്‍ മനസിലാക്കി രോഗവ്യാപനത്തിനെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.

വെബിനാറില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. വസു ആനന്ദ്, വെറ്റിനറി സര്‍ജന്‍ ഡോ എ രഞ്ജിനി എന്നിവര്‍ ബോധവത്കരണ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എം കെ ഷാജ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍ കുമാര്‍, ജില്ലാ മലേറിയ ഓഫീസര്‍ പ്രകാശ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.