കാസർഗോഡ്: ഫിഷറീസ് വകുപ്പിന്റെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷക്ഷണിച്ചു. രണ്ടു മുതല്‍ അഞ്ചു പേര്‍ വരെയുള്ള വനിതകളുടെ ഗ്രൂപ്പായിരിക്കണം.
ഒരു ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ പദ്ധതി ഗ്രാന്റായി അനുവദിക്കും. അപേക്ഷകര്‍ മത്സ്യബോര്‍ഡ് അംഗീകാരമുള്ള എഫ്.ഐഎം.എസില്‍ ഉള്‍പ്പെടുന്നവരും ജില്ലയിലെ സ്ഥിരതാമസക്കാരുമായിരിക്കണം. പ്രായപരിധി 20നും 40 നും മധ്യേ. വിധവകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ അമ്മമാര്‍ എന്നിവര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്.
അപേക്ഷ ഫോം സാഫിന്റെ കാസര്‍കോട് ജില്ലാ ഓഫീസിലും, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, ത്യക്കരിപ്പൂര്‍, കാസര്‍കോട്, കുമ്പള മത്സ്യഭവനുകളിലും ലഭ്യമാണ്. അപേക്ഷാ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 7306662170, 9645259674.