കാസർഗോഡ്: സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യ സംരക്ഷണത്തിനുള്ള കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സീതാലയം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍സ്പയര്‍ 2021 എന്ന പേരില്‍ ബോധവത്കരണ വെബിനാര്‍ പരമ്പര ആരംഭിക്കുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ അത്യാവശ്യമായും അറിഞ്ഞിരിക്കേണ്ടുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് ജില്ലയിലെ വിവിധ കോളേജുകള്‍ കേന്ദ്രീകരിച്ചായിരിക്കും പരിപാടി നടക്കുക.

ആര്‍ത്തവകാല ശുചിത്വവും മെന്‍സ്ട്ര്വല്‍ കപ്പുകളുടെ ഉപയോഗവും, മാനസിക പിരിമുറുക്കം നിയന്ത്രിക്കല്‍, സാമൂഹ്യ മാധ്യമങ്ങളുടെ സാധ്യതകള്‍ പുതിയ കാലത്ത്, ലിംഗ ബന്ധങ്ങള്‍, സാമൂഹിക ഇടപെടലുകളിലെ ഉത്കണ്ഠ യുവാക്കളില്‍ തുടങ്ങി കാലികപ്രസക്തമായ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസുകള്‍ നല്‍കും.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 30 ന് വൈകീട്ട് ആറിന് ഓണ്‍ലൈനായി

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അശോക കുമാര്‍ മുഖ്യാതിഥിയാവും. ഇ. കെ നായനാര്‍ സ്മാരക പോളിടെക്നിക്ക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി യുവത-പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ വെബിനാര്‍ നടക്കും.

പദ്ധതിയുടെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ താല്‍പര്യമുള്ള കോളേജുകള്‍ക്ക് 9400061902 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഡി.എം.ഒ അറിയിച്ചു. സീതാലയം പദ്ധതിയുടെ ഭാഗമായി പ്രത്യേകം ക്ലിനിക്ക് എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.