കൊച്ചി: ചോറ്റാനിക്കര ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെപെന്‍സറി അഡ്വ. അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചോറ്റാനിക്കര ഗ്രാമപഞ്ചായത്തില്‍ കുടുംബാരോഗ്യ കേന്ദ്രം സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതായി എം.എല്‍.എ അറിയിച്ചു. പകര്‍ച്ച വ്യാധികള്‍ ഉള്‍പ്പടെയുള്ള ആരോഗ്യരംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഹോമിയോ വകുപ്പ് 2016 – 17ല്‍ അനുവദിച്ച പ്ലാന്‍ ഫണ്ടില്‍ നിന്നും 26 ലക്ഷം രൂപ ചെലവില്‍ എരുവേലി മാര്‍ക്കറ്റിലാണ് ഹോമിയോ ഡിസ്പന്‍സറിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം. പഞ്ചായത്തിന് കീഴില്‍ തലക്കോട് പരിമിതമായ സ്ഥലത്ത് വാടകയ്ക്ക് പ്രവര്‍ത്തിച്ചിരുന്ന ഡിസ്‌പെപെന്‍സറിയാണ് ഇപ്പോള്‍ കൂടുതല്‍ സൗകര്യങ്ങളോടെ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മൂന്ന് മുറികളും ഹാളും, അടുക്കളയും ഉള്‍പ്പെടെ വിശാലമായ കെട്ടിടത്തിലാണ് ഡിസ്‌പെന്‍സറി.
ചോറ്റാനിക്കര പഞ്ചായത്ത്  പ്രസിഡന്റ് ഓമന ശശി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീസ് പുത്തന്‍വീട്ടില്‍, മുളന്തുരുത്തി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജയ സോമന്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ: ലീനാ റാണി, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റെജീന ബീവി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര  ധര്‍മ്മരാജന്‍, പഞ്ചായത്തംഗങ്ങളായ രമണി ജനകന്‍, ജയ ശിവരാജന്‍, ബിജു മറ്റത്തില്‍, പുഷ്പ പ്രദീപ്, ജോണ്‍സണ്‍ തോമസ്, ജൂലിയറ്റ് ടി.ബേബി, ലത സുകുമാരന്‍, ഏലിയാസ് ജോണ്‍, വി.കെ. ദിലീപ്, ഷാജി ജോര്‍ജ്ജ്, പ്രദീപ് കുമാര്‍, കാര്‍ത്ത്യായനി വേലായുധന്‍, ഡോ. ഋഷികേശന്‍ നായര്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയലത തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: പുതുതായി നിര്‍മ്മിച്ച ചോറ്റാനിക്കര ഹോമിയോ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം അഡ്വ: അനൂപ് ജേക്കബ് എം.എല്‍.എ നിര്‍വഹിക്കുന്നു.